| Thursday, 12th September 2024, 12:37 pm

അദ്ദേഹം വിമർശനങ്ങൾ നേരിടുന്നതിൽ എനിക്ക് വളരെയധികം സങ്കടമുണ്ട്: റോഡ്രിഗോ

സ്പോര്‍ട്സ് ഡെസ്‌ക്

ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് നേരെയുണ്ടാകുന്ന വിമര്‍ശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബ്രസീലിന്റെ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരം റോഡ്രിഗോ. നെയ്മറിനെതിരെ ഉണ്ടാകുന്ന വിമര്‍ശനങ്ങളില്‍ തനിക്ക് വളരെയധികം സങ്കടം ഉണ്ടെന്നാണ് റയല്‍ താരം പറഞ്ഞത്. മാഡ്രിഡ് യൂണിവേഴ്‌സലിലൂടെ സംസാരിക്കുകയായിരുന്നു റോഡ്രിഗോ.

‘നെയ്മറിനെ കുറിച്ച് ആരെങ്കിലും മോശമായി സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക് വളരെയധികം സങ്കടമുണ്ട്. ഞാനെപ്പോഴും നെയ്മറിന് സന്ദേശങ്ങള്‍ അയക്കാറുണ്ട്. ഇപ്പോള്‍ അദ്ദേഹം വീണ്ടും ഫുട്‌ബോളിലേക്ക് തിരിച്ചു വരാന്‍ പരിശീലനം നടത്തുകയാണ്. ഞാന്‍ അവനെ വളരെയധികം സ്‌നേഹിക്കുന്നു. കളിക്കാരന്‍ എന്ന നിലയില്‍ എന്റെ ആരാധന പാത്രം എന്നതിനപ്പുറം ഒരു മികച്ച വ്യക്തി എന്ന നിലയിലും അദ്ദേഹത്തെ എനിക്കിഷ്ടമാണ്,’ റോഡ്രിഗോ പറഞ്ഞു.

നെയ്മര്‍ നിലവില്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടന്ന 2026 ലോകകപ്പ് യോഗ്യത മത്സരത്തിലായിരുന്നു നെയ്മറിന് പരിക്ക് പറ്റിയത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും പിന്നീട് ഫുട്ബോളില്‍ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു.

2023ല്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്നില്‍ നിന്നുമാണ് നെയ്മര്‍ സൗദിയിലെത്തുന്നത്. അല്‍ ഹിലാലിനായി അഞ്ച് മത്സരങ്ങളില്‍ മാത്രമേ ബ്രസീലിയന്‍ സൂപ്പര്‍താരത്തിന് കളത്തിലിറങ്ങാന്‍ സാധിച്ചുള്ളൂ.

ഇപ്പോള്‍ പരിക്ക് മാറി തിരിച്ചുവരാന്‍ തയ്യാറെടുക്കുന്ന നെയ്മറിനെ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിനുള്ള അല്‍ ഹിലാല്‍ ടീമില്‍ ഉള്‍പ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അല്‍ ഹിലാല്‍ നെയ്മറിനെ സൗദി പ്രൊ ലീഗിലും രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സൗദി പ്രോ ലീഗിലെ നിയമപ്രകാരം ഒരു ക്ലബ്ബിന് പത്ത് വിദേശ താരങ്ങളെ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളൂ. ഇപ്പോള്‍ നെയ്മര്‍ പരിക്ക് മാറി ടീമിനൊപ്പം വീണ്ടും കളിക്കാന്‍ ഒരുങ്ങുമ്പോള്‍ ഏതെങ്കിലും ഒരു താരത്തെ അല്‍ ഹിലാല്‍ ടീമില്‍ നിന്നും ഒഴിവാക്കേണ്ടി വരും.

നിലവില്‍ സൗദി ലീഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ ഹിലാല്‍. സൗദി ലീഗില്‍ സെപ്റ്റംബര്‍ 14നാണ് അല്‍ ഹിലാലിന്റെ അടുത്ത മത്സരം. പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫഹദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ റിയാദിനെയാണ് അല്‍ ഹിലാല്‍ നേരിടുക.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പരാഗ്വയോട് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ 20ാം മിനുട്ടില്‍ ഡിയാഗോ ഗോമസാണ് പരാഗ്വക്ക് വേണ്ടി ഗോള്‍ നേടിയത്.

Content Highlight: Rodrigo Talks About Neymar

We use cookies to give you the best possible experience. Learn more