| Wednesday, 11th September 2024, 6:10 pm

ആ കാര്യം എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു: നിരാശ പ്രകടിപ്പിച്ച് റയൽ സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

2024 ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള 30 താരങ്ങളുടെ നോമിനേഷൻ പട്ടിക ഫ്രാന്‍സ് ഫുട്ബോള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. എന്നാല്‍ റയല്‍ മാഡ്രിഡിന്റെ ബ്രസീലിയന്‍ സൂപ്പര്‍താരം റോഡ്രിഗോക്ക് ബാലണ്‍ ഡി ഓര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടാന്‍ സാധിച്ചിരുന്നില്ല.

ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടനേടാന്‍ സാധിക്കാതെ പോയതിന്റെ നിരാശ റോഡ്രിഗോ പങ്കുവെച്ചിരിക്കുകയാണ്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റയല്‍ മാഡ്രിഡ് താരം.

‘ഞാന്‍ അസ്വസ്ഥനാണ്. ഞാന്‍ അതിന് അര്‍ഹനാണെന്ന് കരുതുന്നു. ലിസ്റ്റില്‍ ഇടം നേടിയ താരങ്ങളെ മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആദ്യ 30ല്‍ ഇടം നേടാന്‍ എനിക്ക് കഴിയുമെന്ന് ഞാന്‍ കരുതി. പക്ഷേ ഇതൊരു അത്ഭുതമായിരുന്നു. ഇതില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. കാരണം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഞാനല്ല,’ റോഡ്രിഗോ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റയലിനായി റോഡ്രിഗോ നടത്തിയത്. സ്പാനിഷ് ലീഗില്‍ 34 മത്സരങ്ങളില്‍ നിന്നും 10 ഗോളുകളും അഞ്ച് അസിസ്റ്റുകളുമാണ് ബ്രസീലിയന്‍ സൂപ്പര്‍താരം നേടിയത്. ചാമ്പ്യന്‍സ് ലീഗില്‍ 13 മത്സരങ്ങളില്‍ നിന്നും അഞ്ച് ഗോളുകളും രണ്ട് അസിസ്റ്റുകളും താരം നേടി.

ലോസ് ബ്ലാങ്കോസിന്റെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും ലാ ലിഗ വിജയത്തിലും നിര്‍ണായകമായ പങ്കായിരുന്നു റോഡ്രിഗോ വഹിച്ചത്.

അതേസമയം പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് റയല്‍ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജൂഡ് ബെല്ലിങ്ഹാമാണ്. റയലിന്റെ തന്നെ ബ്രസീലിയന്‍ യുവതാരം വിനീഷ്യസ് ജൂനിയര്‍ രണ്ടാം സ്ഥാനവും മാഞ്ചസ്റ്റര്‍ സിറ്റി താരം റോഡ്രി മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. റയലിന്റെ സ്പാനിഷ് ഡിഫന്‍ഡര്‍ ഡാനി കാര്‍വജാല്‍ ആഴ്സണലിന്റെ ഇംഗ്ലണ്ട് താരം ബുക്കായോ സാക്ക എന്നിവര്‍ യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടി.

എന്നാല്‍ പട്ടികയില്‍ ഇതിഹാസതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും ലയണല്‍ മെസിക്കും ഇടം നേടാന്‍ സാധിച്ചില്ല. 2003ന് ശേഷം ഇതാദ്യമായാണ് മെസിയും റൊണാള്‍ഡോയും ബാലണ്‍ ഡി ഓര്‍ പട്ടികയില്‍ ഇടം നേടാതെ പോവുന്നത്.

21 വര്‍ഷങ്ങള്‍ക്ക് ശേഷം മെസിയും റൊണാള്‍ഡോയും ബാലണ്‍ ഡി ഓര്‍ നോമിനേഷനില്‍ ഇടം നേടാതെ പോയത് ഫുട്ബോള്‍ ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിട്ടുള്ളത്.

Content Highlight: Rodrigo shared his disappointment of missing out on the Ballon d’Or shortlist

We use cookies to give you the best possible experience. Learn more