ബ്രസീലിന്റെ പുതിയ തലമുറയിലെ മികച്ച സ്‌ട്രൈക്കര്‍മാരില്‍ ഒരാളാണ് റയല്‍ മാഡ്രിഡ് താരം റോഡ്രിഗോ. അദ്ദേഹത്തിന്റെ വെളിപ്പെടത്തലില്‍ നെയ്മര്‍ രാജ്യന്തര ഫുട്‌ബോളിനോട് വിടപറയാന്‍ ഒരുങ്ങുകയാണ്. ലോകകപ്പ് രാജ്യത്തിന് വേണ്ടിയുള്ള അവസാന മത്സരമായിരിക്കുമെന്ന് നെയ്മര്‍ സൂചിപ്പിച്ചതായി റോഡ്രിഗോ പറയുന്നു.
ബ്രസീലിയന്‍ ലെജന്ററി താരങ്ങള്‍ അണിയുന്ന പത്താം നമ്പര്‍ ജേഴ്‌സി നെയ്മര്‍ തനിക്ക് സമ്മാനിക്കാന്‍ പോകുകയാണെന്നും റോഡ്രിഗോ പറഞ്ഞു. നെയ്മറിനോട് ഇനിയും കളിക്കാന്‍ സാധിക്കുമെന്ന് താന്‍ ഉപദേശിച്ചതായും റോഡ്രിഗോ വെളിപ്പെടുത്തി.
”നെയ്മര്‍ പറഞ്ഞു: ‘ഞാന്‍ ദേശീയ ടീം വിടുകയാണ്, ജേഴ്‌സി നമ്പര്‍ 10 നിങ്ങളുടേതാണ്’. അയാളോട് എന്ത് പറയണം എന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാന്‍ ആദ്യം ലജ്ജിച്ചു, പിന്നെ ചിരിച്ചു, എന്താണ്
ശരിയായി പറയേണ്ടതെന്ന് പോലും എനിക്ക് അറിയില്ല. ഞാന്‍ അയാളോട് പറഞ്ഞു, നിങ്ങള്‍ കുറച്ച് കൂടി കളിക്കണം എനിക്ക് ഇപ്പോള്‍ ഈ ജേഴ്‌സി വേണ്ടെന്ന്. അദ്ദേഹം ചിരിച്ചു.” റോഡ്രിഗോ പറഞ്ഞു.
ഇ.എസ്.പി.എന്നിനോടാണ് റോഡ്രിഗോ ഈ കാര്യം പറഞ്ഞത്. നെയ്മറിന് മുമ്പേ ബ്രസീലിയന്‍ നിരയില്‍ പത്താം നമ്പര്‍ ജേഴ്‌സിയണിഞ്ഞിരുന്നത് പെലെ, റൊണാള്‍ഡീഞ്ഞോ, കാക എന്നിവരടങ്ങിയ ലെജന്ററി കളിക്കാരാണ്.
30 വയസുകാരനായ നെയ്മറാണ് ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ രണ്ടാമത്തെ താരം. 119 മത്സരത്തില്‍ നിന്നും 74 ഗോളാണ് താരം ബ്രസീലിനായി നേടിയിട്ടുള്ളത്. പെലെ മാത്രമാണ് നെയ്മറിന് മുന്നിലുള്ളത്. 2010ല്‍ തന്റെ 18ാം വയസിലാണ് താരം ബ്രസീലില്‍ അരങ്ങേറിയത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടാന്‍ നെയ്മറിന് സാധിച്ചിരുന്നു.
ഈ ലോകകപ്പില്‍ ഒരുപാട് പ്രതീക്ഷകളുമായാണ് ബ്രസീല്‍ ഇറങ്ങുന്നത്. മികച്ച ഫോമില്‍ കളിക്കുന്ന ബ്രസീലിയന്‍ പടയാണ് നിലവില്‍ ഫിഫാ റാങ്കിങ്ങില്‍ ഒന്നാമത്.
പുത്തന്‍ താരോദയങ്ങളായ റോഡ്രിഗോ, വിനിഷ്യസ് ജൂനിയര്‍ എന്നിവര്‍ നെയ്മറിന്റെ കൂടെ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. എഡര്‍ മിലിറ്റാവോ, വിനീഷ്യസ് ജൂനിയര്‍, കാസെമിറോ, റോഡ്രിഗോ തുടങ്ങി ടീമിലെ പല താരങ്ങളും ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് നേടിയിട്ടുണ്ട്. അതേസമയം, ഗബ്രിയേല്‍ ജീസസും നെയ്മറും മാഞ്ചസ്റ്റര്‍ സിറ്റിക്കും പി.എസ്.ജിക്കുമൊപ്പം ലീഗ് കിരീടങ്ങള്‍ നേടിയിരുന്നു.