ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അര്‍ജന്റീന വെനസ്വലെയോട് സമനില വഴങ്ങിയിരുന്നു. എസ്റ്റാഡിയോ മോണുമെന്റര്‍ ഡി മാറ്റൂരിനില്‍ നടന്ന മത്സരത്തില്‍ ഓരോ ഗോള്‍ വീതമടിച്ചാണ് മെസിപ്പട സമനിലയില്‍ മത്സരം അവസാനിപ്പച്ചത്.
നിശ്ചിത സമയം അവസാനിക്കും മുമ്പേ തന്നെ ഈ മാച്ച് ചര്‍ച്ചകളിലേക്കുയര്‍ന്നിരുന്നു. വെള്ളം നിറഞ്ഞ ഫീല്‍ഡാണ് ഈ മാച്ചിനെ ചര്‍ച്ചയിലേക്കുയര്‍ത്തിയത്.
വെള്ളത്തില്‍ മുങ്ങിക്കിടന്ന ഫീല്‍ഡില്‍ കളിക്കാന്‍ ഇരു ടീമുകളും നന്നേ പാടുപെട്ടു. നിലത്ത് കുത്തിയാല്‍ പന്ത് ഉയര്‍ന്നുവരാത്ത രീതിയില്‍ പിച്ചില്‍ വെള്ളമുണ്ടായിരുന്നു. ഏറെ പരിശ്രമിച്ചാണ് താരങ്ങള്‍ക്ക് ഷോട്ടെടുക്കന്‍ സാധിച്ചതും.
ഈ മാച്ചിന് പിന്നാലെ വിമര്‍ശനമുയര്‍ത്തുകയാണ് അര്‍ജന്റൈന്‍ സൂപ്പര്‍ താരം റോഡ്രിഗോ ഡി പോള്‍. കളിക്കാന്‍ അനുയോജ്യമായ ഒരു സാഹചര്യം മാത്രമേ തങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ എന്നാണ് ഡി പോള്‍ പറയുന്നത്. മത്സരശേഷം സംസാരിക്കുകയായിരുന്നു താരം.
‘വളരെ മോശം മത്സരം. ഫുട്‌ബോള്‍ കളിക്കുക എന്നത് അസാധ്യമായിരുന്നു. ഞങ്ങളെല്ലായ്‌പ്പോഴും സെക്കന്‍ഡ് ബോളിനായി പോകേണ്ടി വന്നു. ഇതൊരിക്കലും നല്ലതല്ല, പക്ഷേ അത്തരമൊരു സാഹചര്യമായിരുന്നു ഞങ്ങള്‍ക്ക് നേരിടാനുണ്ടായിരുന്നത്.
പന്ത് നന്നായി ചലിക്കുന്ന ഒരു നല്ല ഫീല്‍ഡ് ഉണ്ടായിരിക്കുക എന്നതാണ് കളിക്കാന്‍ അടിസ്ഥാനപരമായി ആവശ്യമുള്ളത്, അത് മാത്രമേ ഞങ്ങള്‍ ആവശ്യപ്പെടുന്നുള്ളൂ, കൂടുതലൊന്നും തന്നെ വേണ്ട,’ ഡി പോള്‍ പറഞ്ഞു.
വെള്ളം നിറഞ്ഞ് കളിക്കാന്‍ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ അര്‍ജന്റീനയാണ് ലീഡ് നേടിയത്. മത്സരത്തിന്റെ 13ാം മിനിട്ടില്‍ നിക്കോളാസ് ഓട്ടമെന്‍ഡിയാണ് വലകുലുക്കിയത്.
ശേഷം ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും മുമ്പില്‍ അവസരമുണ്ടായിരുന്നെങ്കിലും ഗോള്‍ നേടാന്‍ സാധിച്ചില്ല. ഒടുവില്‍ ഒരു ഗോളിന്റെ ലീഡുമായി ആല്‍ബിസെലസ്റ്റ്‌സ് രണ്ടാം പകുതിയിലേക്ക് കടന്നു.
രണ്ടാം പകുതിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍ 65ാം മിനിട്ടില്‍ സാലോമോന്‍ റോണ്‍ഡോണിലൂടെ വെനസ്വലെ ഈക്വലൈസര്‍ ഗോള്‍ കണ്ടെത്തി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ഇരുവര്‍ക്കും ഗോള്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു.