ഫിഫ ലോകകപ്പ് 2022ല്‍ അര്‍ജന്റീന സൗദി അറേബ്യയോട് തോല്‍വി വഴങ്ങിയതിന് ശേഷമുള്ള അനുഭവം പങ്കുവെക്കുകയാണ് ഡി പോള്‍. ഖത്തര്‍ വേള്‍ഡ് കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു സൗദി അര്‍ജന്റീനയെ കീഴ്‌പ്പെടുത്തിയത്.
മത്സരത്തിന് ശേഷം താരങ്ങള്‍ക്ക് ബന്ധുക്കളെ കാണാനുള്ള അവസരമുണ്ടായിരുന്നെന്നും എന്നാല്‍ താന്‍ മെസിക്കൊപ്പം മണിക്കൂറുകളോളം മുറിയില്‍ കഴിയുകയായിരുന്നെന്നും ഡി പോള്‍ പറഞ്ഞു.
‘സൗദി അറേബ്യയുമായുള്ള മത്സരത്തിന് ശേഷം ഒരുദിവസം ഞങ്ങള്‍ക്ക് ബന്ധുക്കളെ കാണാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ ആരെയും കാണുന്നില്ലെന്ന് തീരുമാനിച്ചു. കാരണം, അന്ന് മെസിയുടെ മുഖത്ത് ഒരു സന്തോഷവും ഉണ്ടായിരുന്നില്ല.
അഞ്ച്, ആറ് മണിക്കൂറുകള്‍ ഞങ്ങള്‍ മുറിയില്‍ തന്നെ ചെലവഴിച്ചു. അപ്പോള്‍ ഞങ്ങള്‍ക്ക് എല്ലാം തുറന്ന് പറയാനുള്ള സാഹചര്യമുണ്ടായിരുന്നു. മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചു. വളരെ സ്‌ട്രോങ് ആയിട്ടുള്ള സംഭാഷണമാണ് അവിടെയുണ്ടായിരുന്നത്. അതിന് ശേഷം സംഭവിച്ചത് എന്താണെന്ന് നമ്മളെല്ലാരും കണ്ടതാണല്ലോ,’ ഡി പോള്‍ പറഞ്ഞു.
മത്സരത്തില്‍ പരിക്കേറ്റതിനാല്‍ മെസി തന്നെ പരിശീലനം നടത്താന്‍ അനുവദിച്ചിരുന്നില്ലെന്നും ഡി പോള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കളത്തിനകത്തും പുറത്തും മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാര്‍ഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്.
കളിക്കളത്തില്‍ എതിര്‍ ടീമുകള്‍ മെസിയെ അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിപോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡറായ ഡി പോള്‍ ഗ്രൗണ്ടിന് പുറത്തും സഹതാരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.