| Friday, 17th March 2023, 1:35 pm

അദ്ദേഹം ഒരത്ഭുത ജീവിയാണ്, ഗോള്‍ പാഴാക്കുമെന്ന് എതിരാളികള്‍ കരുതുമ്പോഴായിരിക്കും അദ്ദേഹത്തിന്റെ പന്ത് വലയിലെത്തുന്നത്: ഡി പോള്‍

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റീന ലോകചാമ്പ്യന്‍ഷിപ്പ് നേടിയതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് പി.എസ്.ജി സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസി. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ച വെച്ച താരത്തിന് ഗോള്‍ഡന്‍ ബോളും സ്വന്തമാക്കാനായിരുന്നു. മെസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അര്‍ജന്റൈന്‍ സൂപ്പര്‍താരം റോഡ്രിഗോ ഡി പോള്‍.

മെസി ഒരു അത്ഭുത ജീവിയാണെന്നാണ് ഡി പോള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതീക്ഷിച്ചിരിക്കാത്ത നേരത്തായിരിക്കും മെസി ജയമുറപ്പിക്കുന്നതെന്നും ഓര്‍ക്കാപ്പുറത്ത് ഗോള്‍ കീപ്പറുടെ കണ്ണുവെട്ടിച്ച് കൊണ്ട് ഗോളാക്കാനുള്ള കഴിവ് മെസിക്കുണ്ടെന്നും ഡി പോള്‍ പറഞ്ഞു. എല്‍ ലാര്‍ഗ്വേറോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഡി പോള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘അദ്ദേഹം ഒരു അത്ഭുത ജീവിയാണ്. മെസി ഗോള്‍ നഷ്ടപ്പെടുത്തുമെന്ന് എതിരാളികള്‍ കരുതുമ്പോഴായിരിക്കും അപ്രതീക്ഷിതമായി അദ്ദേഹം വലകുലുക്കുന്നത്. ഗോള്‍കീപ്പറുടെ കണ്ണുവെട്ടിച്ച കൊണ്ടായിരിക്കും അദ്ദേഹത്തിന്റെ ഗോള്‍ വലയിലെത്തുന്നത്,’ ഡി പോള്‍ പറഞ്ഞു.

അതേസമയം, ലയണല്‍ മെസിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഡി പോള്‍. കളത്തിനകത്തും പുറത്തും മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാര്‍ഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്. മെസിയുടെ കാര്യത്തില്‍ മാത്രമല്ല, സ്‌കലോണി ടീമുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡി പോളിനോടാണ്.

കളിക്കളത്തില്‍ എതിര്‍ ടീമുകള്‍ മെസിയെ അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിപോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോസ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡറായ ഡി പോള്‍ ഗ്രൗണ്ടിന് പുറത്തും സഹതാരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.

Content Highlights: Rodrigo De Paul Praises Lionel Messi

We use cookies to give you the best possible experience. Learn more