അര്‍ജന്റൈന്‍ ദേശീയ ടീമിന്റെ സമീപകാല പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍
ഒഴിച്ചുകൂടാനാകാത്ത സംഭാവനകള്‍ നല്‍കിയ താരമാണ് മധ്യനിരയില്‍ കളിക്കുന്ന ഡിപോള്‍. കോച്ച് ലയണല്‍ സ്‌കലോണി ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡിപോളിനോടാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ലോകകപ്പ് സമയത്ത് പുറത്തുവന്നിരുന്നു. അത്രക്ക് സ്വാധീനമാണ് താരത്തിന് ടീമില്‍.
ഇതുകൂടാതെ കളത്തിനകത്തും പുറത്തും ക്യാപ്റ്റന്‍ ലയണല്‍ മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്.
കളിക്കളത്തില്‍ എതിര്‍ ടീമുകള്‍ മെസിയെ അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിപോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോസും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ഖത്തര്‍ ലോകകപ്പ് സമയത്ത് മെസിയുമായുള്ള തന്റെ അനുഭവത്തെക്കുറിച്ച് തുറന്നുപറയുകയാണിപ്പോള്‍ ഡിപോള്‍.
മെസിയെ ഒരുപാട് ഇഷ്ടപ്പെടുന്നതിനാലാണ് എല്ലായ്‌പ്പോഴും അദ്ദേഹത്തിന് ചുറ്റും ഉണ്ടാകുന്നതെന്നാണ് ഡിപോള്‍ പറയുന്നത്. അര്‍ജന്റൈന്‍ സ്‌പോര്‍ട്‌സ് ഔട്ട്ലെറ്റ് ഒലെയോട് സംസാരിച്ചപ്പോഴായിരുന്നു ഡിപോളിന്റെ പ്രതികരണം.
‘മെസി എനിക്ക് ഒരുപാട് നിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. ഞാന്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്നതിനാലാണ് എപ്പോഴും അദ്ദേഹത്തിന് ചുറ്റും ഉണ്ടാകുന്നത്.
ഞങ്ങള്‍ ഒരുപാട് സംസാരിക്കുന്നവരാണ്. അദ്ദേഹം എപ്പോഴും എന്നോട് സ്‌നേഹം കാണിക്കാറുണ്ട്. അദ്ദേഹത്തിനൊപ്പം സമയം ചെലവഴിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു,’ ഡിപോള്‍ പറഞ്ഞു.
തങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടെന്നും അത് കണ്ട് പരസ്പരം ഇരുവരും ചിരിക്കാറുണ്ടെന്നും ഡിപോള്‍ കൂട്ടിച്ചേര്‍ത്തു. ലാ ലിഗ ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിനായാണ് 28 കാരനായ ഡിപോള്‍ ബൂട്ടുകെട്ടുന്നത്.