അര്‍ജന്റീനക്ക് വലിയ തിരിച്ചടി; ക്വാര്‍ട്ടര്‍ ഫൈനലിന് സൂപ്പര്‍താരം ഉണ്ടാകില്ല; പരിക്ക് വീണ്ടും വില്ലന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പേ പരിക്കിന്റെ പിടിയിലായിരുന്നു ടീം അര്‍ജന്റീന. പ്രധാന താരങ്ങള്‍ പരിക്കിന്റെ പിടിയിലായതിനാല്‍ അവസാന ഘട്ടത്തിലാണ് കോച്ച് സ്‌കലോണി വേള്‍ഡ് കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

ഡി മരിയ, റോമെറോ, ഡിബാല തുടങ്ങിയ താരങ്ങള്‍ പരിക്കില്‍ നിന്നും മോചനം നേടി ടീമിനൊപ്പം ചേര്‍ന്നെങ്കിലും മിഡ്ഫീല്‍ഡിലെ പ്രധാന താരം ലോ സെല്‍സോക്ക് വേള്‍ഡ് കപ്പ് നഷ്ടമാവുകയായിരുന്നു.

ലോകകപ്പ് ആരംഭിച്ചതിന് ശേഷവും പരിക്കുകള്‍ സ്‌കെലോണിക്ക് വലിയ തലവേദനകളാണ് സൃഷ്ടിച്ചത്.

ക്വാര്‍ട്ടര്‍ ഫൈനലിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റോഡ്രിഗോ ഡി പോള്‍ പരിക്കിന്റെ പിടിയിലാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ലയണല്‍ മെസിയുടെ വലം കയ്യനായ ഡി പോള്‍ ഹോളണ്ടിനെതിരായ മത്സരത്തിനുണ്ടാകില്ലന്നും റിപ്പോര്‍ട്ടുണ്ട്.

പരിക്കിനെ തുടര്‍ന്ന് താരം അര്‍ജന്റീന ടീമില്‍ നിന്ന് മാറി പ്രത്യേകം പരിശീലനം നേടുകയും പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഡി പോളിന്റെ പേശികള്‍ക്ക് പരിക്കേറ്റതിനാല്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയുള്ള മത്സരത്തിനുണ്ടാകില്ലെന്ന് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

താരത്തിന്റെ അഭാവം അര്‍ജന്റീനക്ക് വലിയ തിരിച്ചടിയാകുമെന്നതില്‍ സംശയമില്ല. ലോകകപ്പില്‍ അര്‍ജന്റീനയുടെ എല്ലാ മത്സരങ്ങളിലും കളിച്ച ഡി പോള്‍ ഓസ്ട്രേലിയക്കെതിരെയുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്.

പോളണ്ടിനെതിരായ മത്സരത്തിനിടെ ഡി മരിയക്ക് പരിക്കേറ്റിരുന്നു. മത്സരത്തിനിടയില്‍ താരത്തെ പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തില്‍ താരത്തിന് കളിക്കാന്‍ സാധിച്ചിരുന്നില്ല.

ഡി മരിയ പരിക്കില്‍ നിന്ന് മോചിതനായി ടീമിനൊപ്പം പരിശീലനത്തിനിറങ്ങിയെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

അതേസമയം ലിയാന്‍ഡ്രോ പരേഡസ്, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍ എന്നീ താരങ്ങളാകും നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ അര്‍ജന്റീനയുടെ മധ്യനിരയിലുണ്ടാവുക.

ഡിസംബര്‍ ഒമ്പതിന് ഇന്ത്യന്‍ സമയം 12.30നാണ് അര്‍ജന്റീന-നെതര്‍ലാന്‍ഡ്‌സ് പോരാട്ടം.

Content Highlights: Rodrigo de Paul got injured