ലോകകപ്പ് ചാമ്പ്യന്മാരാകണമെന്ന മോഹവുമായി ഖത്തറിലെത്തിയ മെസിയും സംഘവും അന്തിമ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഫ്രാന്‍സാണ് ഫൈനലില്‍ അര്‍ജന്റീനയുടെ എതിരാളികള്‍.
ഫൈനല്‍ പോരാട്ടത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റൈന്‍ കോച്ച് ലയണല്‍ സ്‌കലോണിയുടെ വലം കൈയ്യും നായകന്‍ മെസിയുടെ ഉറ്റ ചങ്ങാതിയുമായ റോഡ്രിഗോ ഡിപോളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്.
ഖത്തറില്‍ നടന്ന അര്‍ജന്റീനയുടെ മത്സരങ്ങള്‍ക്കിടയില്‍ ഡി പോള്‍, കോച്ച് സ്‌കലോണിയുടെ അടുത്തേക്ക് ഓടി വന്ന് സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സ്‌കലോണി ടീമുമായ് ബന്ധപ്പെട്ട കാര്യങ്ങള്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് ഡിപോളിനോടാണ്. മാത്രമല്ല കളത്തിനകത്തും പുറത്തും മെസിയുടെ ഉറ്റ ചങ്ങാതിയായ ഡിപോളിനെ മെസിയുടെ ബോര്‍ഡി ഗാര്‍ഡ് എന്നാണ് പൊതുവെ വിശേഷിപ്പിക്കാറ്.
കളിക്കളത്തില്‍ എതിര്‍ ടീമുകള്‍ മെസിയെ അറ്റാക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിപോള്‍ അവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന വീഡിയോസും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. അര്‍ജന്റീനയുടെ മിഡ്ഫീല്‍ഡറായ ഡി പോള്‍ ഗ്രൗണ്ടിന് പുറത്തും സഹതാരങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ആരാധകരുടെ അഭിപ്രായം.
അതേസമയം മികച്ച പ്രകടനമാണ് ഡി പോള്‍ ഖത്തറില്‍ കാഴ്ച വെക്കുന്നത്. അര്‍ജന്റൈന്‍ ടീമില്‍ മുഴുവന്‍ സമയവും കളിച്ച ഏക മിഡ് ഫീല്‍ഡറാണ് ഡി പോള്‍.
ആറ് മത്സരങ്ങളില്‍ ഇറങ്ങിയ റോഡ്രിഗൊ ഡി പോള്‍ ഖത്തര്‍ ലോകകപ്പില്‍ ഇതുവരെ ഫൈനല്‍ തേര്‍ഡില്‍ ഏറ്റവും അധികം പാസ് നല്‍കിയ കളിക്കാരനുമാണ്. ഫൈനല്‍ തേര്‍ഡില്‍ 160 പാസുകള്‍ ആണ് താരം ഇതുവരെ നടത്തിയത്.
അതില്‍ 121 എണ്ണവും വിജയകരമായ പാസ് ആയിരുന്നു. 76 ശതമാനം പാസിങ് കൃത്യതയാണ് റോഡ്രിഗൊ ഡി പോളിന് ഫൈനല്‍ തേര്‍ഡില്‍ ഖത്തറിലുള്ളത് എന്നതും ശ്രദ്ധേയമാണ്.
2021 കോപ്പ അമേരിക്കന്‍ ഫൈനലില്‍ ബ്രസീലിനെ 1-0ന് അര്‍ജന്റീന കീഴടക്കിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയ്ക്ക് ഗോളിലേക്കുള്ള പാസ് നല്‍കിയത് റോഡ്രിഗൊ ഡി പോള്‍ ആയിരുന്നു.
അതും സ്വന്തം പകുതിയില്‍നിന്ന് ഫൈനല്‍ തേര്‍ഡിലേക്കുള്ള ഒരു ലോങ് ബോള്‍ പാസ്. ഖത്തറില്‍ അവശേഷിക്കുന്ന അന്തിമ പോരാട്ടത്തിലും താരം കിടിലന്‍ പാസുകള്‍ നല്‍കി ടീമിനെ ജയത്തിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Content Highlights: Rodrigo De Paul as Messi’s Body Guard and Scaloni’s Right hand