| Wednesday, 21st August 2024, 1:39 pm

മെസിയും റൊണാൾഡോയുമല്ല, അവനാണ് ഫുട്ബോളിലെ ഗോട്ട്: പ്രസ്താവനയുമായി റോഡ്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവരിലും ഏറ്റവും മികച്ച താരം ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഇപ്പോഴിതാ ഗോട്ട് ഡിബേറ്റില്‍ റൊണാള്‍ഡോയെയും മെസിയെയും മറികടന്നുകൊണ്ട് മറ്റൊരു താരത്തിന്റെ പേര് പറഞ്ഞിരിക്കുകയാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്പാനിഷ് സൂപ്പര്‍ താരം റോഡ്രി. മാഞ്ചസ്റ്റര്‍ സിറ്റിയിലെ എന്റെ സഹതാരമായ ബെല്‍ജിയന്‍ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയ്‌നെയാണ് റോഡ്രി ഗോട്ടായി തെരഞ്ഞെടുത്തത്. ഗോളിന് നല്‍കിയ ആഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ആധുനിക ഫുട്ബോളിലെ എക്കാലത്തെയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കെവിന്‍ ഡി ബ്രൂയ്ന്‍. മുന്നേറ്റ നിരക്ക് കൃത്യമായി ഗോളടിപ്പിക്കാനായി പന്തെത്തിക്കാനുള്ള കഴിവാണ് ഡി ബ്രൂയ്നെ കളിക്കളത്തിൽ മികച്ചതാക്കുന്നത്. ജര്‍മന്‍ ക്ലബ്ബ് വോള്‍സ്ബര്‍ഗില്‍ നിന്നുമാണ് ഡി ബ്രൂയ്ന്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ തട്ടകത്തിലെത്തുന്നത്.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി 382 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ ബെല്‍ജിയന്‍ താരം 102 ഗോളുകളും 170 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന രണ്ടാമത്തെ താരവും ഡി ബ്രൂയ്‌നാണ്. 112 തവണയാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ കളിത്തട്ടില്‍ ബെല്‍ജിയം താരം സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിച്ചത്.

ഈ സമ്മറില്‍ ബെല്‍ജിയന്‍ താരത്തെ സ്വന്തമാക്കാന്‍ സൗദി അറേബ്യയില്‍ നിന്നും വമ്പന്‍ ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനെയെല്ലാം മറികടന്നുകൊണ്ട് കെവിൻ ഈ സീസണിലും പെപ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ നിലയുറപ്പിക്കുകയായിരുന്നു.

അതേസമയം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ ചെല്‍സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് മാഞ്ചസ്റ്റര്‍ സിറ്റി പുതിയ സീസണിന് തുടക്കം കുറിച്ചത്. ഇ.പി.എല്ലില്‍ ഓഗസ്റ്റ് 26ന് നടക്കുന്ന മത്സരത്തില്‍ ഇപ്സ്വിച്ച് ടൗണിനെയാണ് മാഞ്ചസ്റ്റര്‍ സിറ്റി നേരിടുക. സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയമാണ് വേദി.

Content Highlight: Rodri Pick Kevin De Bruyn is The Goat of Football

We use cookies to give you the best possible experience. Learn more