മെസിയെയും റോണാള്‍ഡോയെയും പോലെ ഓരോ മത്സരത്തിന് ശേഷവും സ്വയം മെച്ചപ്പെടുത്താനുള്ള ആഗ്രഹം എര്‍ലിങ് ഹാലണ്ടിലുണ്ടെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നോര്‍വീജിയന്‍ സ്‌ട്രൈക്കറുടെ സഹതാരമായ റോഡ്രി. സ്പാനിഷ് ഔട്ട്‌ലെറ്റായ ഡാരിയോ എ.എസിനോടാണ് റോഡ്രി ഇക്കാര്യം പറഞ്ഞത്.
‘തുടക്കത്തില്‍ അവന്‍ ഏറെ ഉത്കണ്ഠയുള്ളവനാണെന്ന കാര്യം എന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് വ്യത്യസ്തമായ ഒരു ടീമാണെന്നും കളിയില്‍ കാര്യമായി ഇടപെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും അവന്‍ വളരെ പെട്ടെന്ന് തന്നെ മനസിലാക്കി. ഫിനിഷ് ചെയ്യാനുള്ള കൃത്യം സമയത്തിനായി അവന്‍ കാത്തുനില്‍ക്കണം. നിങ്ങള്‍ പൊരുത്തപ്പെടുകയും പഠിക്കുകയും ചെയ്യേണ്ട കാര്യങ്ങളാണിവ.
എന്നാല്‍ അവന്‍ ഇപ്പോള്‍ കുറച്ചുകൂടി പോസിറ്റീവാണ്. അവനെ കുറിച്ച് മറക്കാനും കളി വരുതിയില്‍ വരുത്താനുമാണ് ഹാലണ്ട് എപ്പോഴും എന്നോട് പറയാറുള്ളത്. അതാണ് ഒരു ടീമിന്റെ ഒത്തൊരുമ. അവന്‍ വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.
ഹാലണ്ട് 22/23 വയസുള്ള താരമാണ് എന്ന കാര്യവും നമുക്ക് ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അവന്‍ വളരെ ദയയുള്ള, വളരെ സന്തോഷവാനായ, ഒരുപാട് സംസാരിക്കുന്ന വളരെ മികച്ച ഒരു വ്യക്തിയാണ്.
എല്ലാത്തിലുമുപരി സ്വയം മെച്ചപ്പെടുത്താനുള്ള അടങ്ങാത്ത ദാഹം അവനിലുണ്ട്. ഹാലണ്ട് എല്ലായപ്പോഴും അതിന് തയ്യാറാണ്. ഇത് കാണുമ്പോള്‍ എനിക്ക് മെസിയെയും റൊണാള്‍ഡോയെയുമാണ് എനിക്ക് ഓര്‍മ വരുന്നത്,’ റോഡ്രി പറഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയതിന് പിന്നാലെ തന്റെ കരിയറിലെ സുവര്‍ണകാലഘട്ടത്തിലൂടെയാണ് ഹാലണ്ട് കടന്നുപോകുന്നത്. സിറ്റിസണ്‍സിനൊപ്പം ബൂട്ടുകെട്ടിയ ആദ്യ സീസണില്‍ തന്നെ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേടുന്ന താരം എന്ന പ്രീമിയര്‍ ലീഗ് റെക്കോഡും ഹാലണ്ട് സ്വന്തമാക്കിയിരിരുന്നു.
ഇതിന് പുറമെ സിറ്റി ക്വിന്റിപ്പിള്‍ കിരീടം നേടിയപ്പോഴും ഹാലണ്ട് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഭാഗമായിരുന്നു.
2023ലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരുടെ പട്ടികയില്‍ ഇടം നേടാനും ഹാലണ്ടിന് സാധിച്ചിരുന്നു. 60 മത്സരത്തില്‍ നിന്നും 50 ഗോളാണ് ഹാലണ്ട് നേടിയത്.
പോര്‍ച്ചുഗീസ് ഇതിഹാസവും അല്‍ നസര്‍ നായകനുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (59 മത്സരത്തില്‍ നിന്നും 54), ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍ (57 മത്സരത്തില്‍ നിന്നും 52), കിലിയന്‍ എംബാപ്പെ (53 മത്സരത്തില്‍ നിന്നും 52) എന്നിവരാണ് ഹാലണ്ടിന് മുമ്പിലുള്ളത്.
അതേസമയം, 2023ലെ അവസാന മത്സരത്തിലും മാഞ്ചസ്റ്റര്‍ വിജയിച്ചിരുന്നു. ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് സിറ്റി വിജയിച്ചുകയറിയത്. റോഡ്രിയും ജൂലിയന്‍ അല്‍വാരസുമാണ് സിറ്റിസണ്‍സിനായി വലകുലുക്കിയത്.
നിലവില്‍ 19 മത്സരത്തില്‍ നിന്നും 12 ജയവും മൂന്ന് തോല്‍വിയും നാല് സമനിലയുമായി 40 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് സിറ്റി. 19 മത്സരത്തില്‍ നിന്നും 42 പോയിന്റുമായി ലിവര്‍പൂളാണ് ഒന്നാം സ്ഥാനത്ത്.
Content highlight: Rodri about Erling Haaland