കെമിസ്ട്രി ഇല്ലെന്ന് പറഞ്ഞവര്‍ക്ക് കരണിന്റെ മറുപടി, ഇതില്‍ രണ്‍വീറില്ലെങ്കില്‍ പിന്നെ മറ്റാര്? റോക്കി ഓര്‍ റാണി കി പ്രേം കഹാനി ട്രെയ്‌ലര്‍
Film News
കെമിസ്ട്രി ഇല്ലെന്ന് പറഞ്ഞവര്‍ക്ക് കരണിന്റെ മറുപടി, ഇതില്‍ രണ്‍വീറില്ലെങ്കില്‍ പിന്നെ മറ്റാര്? റോക്കി ഓര്‍ റാണി കി പ്രേം കഹാനി ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th July 2023, 3:29 pm

കരണ്‍ ജോഹറിന്റെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ്, ആലിയ ഭട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാവുന്ന റോക്കി ഓര്‍ റാണി കി പ്രേം കഹാനിയുടെ ട്രെയ്‌ലര്‍ പുറത്ത്. ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ സ്‌റ്റൈലില്‍ ഫെസ്റ്റിവല്‍ മോഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

വിവാഹത്തിന് വീട്ടുകാരുടെ സമ്മതത്തിനായി നായകനും നായികയും പരസ്പരം വീട് മാറി താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്. നേരത്തെ ചിത്രത്തിലെ റൊമാന്റിക് പാട്ട് പുറത്തുവന്നപ്പോള്‍ രണ്‍വീറിനെതിരെ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ആലിയയും രണ്‍വീറും തമ്മില്‍ കെമിസ്ട്രി ഇല്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. കരണിന്റെ മുന്‍ ചിത്രങ്ങളിലെ ഷാരൂഖുമായി രണ്‍വീറിനെ താരതമ്യം ചെയ്തും വിമര്‍ശനങ്ങളുയര്‍ന്നു.

എന്നാല്‍ ഒരു പാട്ട് കൊണ്ട് മാത്രം ചിത്രത്തെ വിലയിരുത്താന്‍ വരട്ടെ എന്നാണ് ട്രെയ്‌ലറിലൂടെ കരണ്‍ പറയുന്നത്. റോക്കി എന്ന ഹൈ വോള്‍ട്ടേജ് എനര്‍ജെറ്റിക് കഥാപാത്രമായി രണ്‍വീറിന്റെ അഴിഞ്ഞാട്ടമാണ് ട്രെയ്‌ലറില്‍. ടിപ്പിക്കല്‍ രണ്‍വീര്‍ സിങ് ശൈലിയിലുള്ള ഈ കഥാപാത്രം രണ്‍വീറല്ലാതെ ബോളിവുഡില്‍ ആര് ചെയ്യാനാണ്?

ഈ വര്‍ഷം ജൂലൈ 28നാണ് ചിത്രം റിലീസ് ചെയ്യുന്നത്. രണ്‍വീറിനേയും ആലിയയേയും കൂടാതെ ധര്‍മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

ഏഴ് വര്‍ഷത്തിന് ശേഷമാണ് കരണ്‍ സംവിധായക കുപ്പായത്തിലേക്ക് തിരികെയെത്തുന്നത്. യേ ദില്‍ ഹേ മുഷ്‌കില്‍ ആണ് ഒടുവില്‍ കരണിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രം. രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ഷെട്ടി, ഐശ്വര്യ റായ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി വന്നത്.

Content Highlight: Rocky Aur RaniKii Prem Kahaani trailer