| Sunday, 23rd June 2024, 12:50 am

റീ റിലീസ് ചെയ്ത് അഞ്ചാഴ്ച, ഓരോ ആഴ്ച കഴിയുന്തോറും സ്‌ക്രീനിന്റെയും ഷോയുടെയും എണ്ണം കൂടുന്നു, രണ്‍ബീര്‍-എ.ആര്‍ റഹ്‌മാന്‍ മാജിക് ഏറ്റെടുത്ത് സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

രണ്‍ബീര്‍ കപൂറിനെ നായകനാക്കി ഇംതിയാസ് അലി സംവിധാനം ചെയ്ത് 2011ല്‍ റിലീസായ ചിത്രമാണ് റോക്ക്‌സ്റ്റാര്‍. തുടക്കക്കാരനായിരുന്ന രണ്‍ബീറില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത പെര്‍ഫോമന്‍സായിരുന്നു സിനിമാപ്രേമികള്‍ക്ക് ലഭിച്ചത്. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച അഞ്ച് കഥാപാത്രങ്ങളിലൊന്നാണ് റോക്ക്‌സ്റ്റാറിലെ ജോര്‍ദന്‍. എ.ആര്‍. റഹ്‌മാന്‍ ഈണമിട്ട ഗാനങ്ങള്‍ ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്.

കഴിഞ്ഞ മാസം ചിത്രം റീ റിലീസ് ചെയ്തിരുന്നു. ഇന്ത്യയിലെ പ്രശസ്ത മള്‍ട്ടിപ്ലക്‌സ് ചെയിനായ പി.വി.ആറിന് കീഴിലുള്ള സ്‌ക്രീനുകളിലാണ് ചിത്രം റീ റിലീസ് ചെയ്തത്. ആദ്യത്തെ ആഴ്ച വെറും 75 സ്‌ക്രീനുകളില്‍ മാത്രമേ പ്രദര്‍ശനം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാം വാരം 50ലധികം സ്‌ക്രീനുകളിലേക്കും അതില്‍ നിന്ന് ഇപ്പോള്‍ 400 സ്‌ക്രീനുകളിലേക്കും പ്രദര്‍ശനം വ്യാപിപ്പിച്ചിരിക്കുകയാണ്.

റീ റിലീസ് ചെയ്ത ബോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവുമധികം കളക്ഷന്‍ നേടാനും റോക്ക്‌സ്റ്റാറിനായി. സണ്ണി ഡിയോള്‍ നായകനായ ഗദ്ദറിന്റെ കളക്ഷനാണ് റോക്ക്‌സ്റ്റാര്‍ തകര്‍ത്തത്. 7.75 കോടിയാണ് ചിത്രം റീ റിലീസില്‍ കളക്ട് ചെയ്തത്. റീ റിലീസ് ചെയ്ത് അഞ്ചാഴ്ച പിന്നിടുമ്പോഴും ബുക്ക്‌മൈഷോയില്‍ പ്രതിദിനം 15000ത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോകുന്നത്. ചിത്രത്തിന്റെ തിയേറ്റര്‍ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രണ്‍ബീര്‍ കപൂറിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ റോക്ക്‌സ്റ്റാറില്‍ നര്‍ഗീസ് ഫക്രിയായിരുന്നു നായിക. അദിതി റാവു ഹൈദരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. എ.ആര്‍ റഹ്‌മാനും രണ്‍ബീര്‍ കപൂറിനും നിരവധി അവാര്‍ഡുകള്‍ റോക്ക്‌സ്റ്റാറിലൂടെ ലഭിച്ചിരുന്നു. 2011 നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്തത്. നിരൂപക പ്രശംസയോടൊപ്പം ബോക്‌സ് ഓഫീസില്‍ നിന്ന് 70 കോടിയോളം കളക്ഷന്‍ നേടുകയും ചെയ്തിരുന്നു.

Content Highlight: Rockstar increases show count after fifth week of re release

We use cookies to give you the best possible experience. Learn more