| Tuesday, 18th August 2020, 1:18 pm

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കിടയിൽ അഫ്​ഗാനിൽ റോക്കറ്റ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂൾ: അഫ്​ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ റോക്കറ്റ് ആക്രമണം. ഒന്നിലധികം റോക്കറ്റുകൾ നയതന്ത്ര പ്രാധാന്യമുള്ള പ്രദേശത്ത് പതിക്കുകയായിരുന്നെന്ന് അഫ്​ഗാൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വടക്ക് ഭാ​ഗത്തു നിന്നും കിഴക്ക് ഭാ​ഗത്തു നിന്നുമെത്തിയ വാഹനങ്ങളിൽ നിന്നാണ് റോക്കറ്റ് ആക്രമണം നടന്നത്.

സംഭവത്തിൽ ആർക്കെങ്കിലും പരിക്കുണ്ടോ എന്നത് വ്യക്തമല്ല. പത്തൊമ്പത് വർഷത്തെ യുദ്ധത്തിന് ശേഷം അമേരിക്കൻ സൈന്യം അഫ്​ഗാനിൽ  നിന്ന് വലിയ രീതിയിൽ പിൻവാങ്ങുകയും സമാധാന ചർച്ചകൾക്ക് പിന്തുണ നൽകുകയും ചെയ്യുന്ന സമയത്ത് നടന്ന റോക്കറ്റ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ല. അഫ്​ഗാൻ സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന വേളയിലാണ് റോക്കറ്റ് ആക്രമണം നടന്നത്.

റോക്കറ്റ് ആക്രമണത്തിന് പിന്നാലെ അഫ്​ഗാനിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. വിവിധ എംബസികളിലെ ജീവനക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. കർശനമായ നയതന്ത്ര സുരക്ഷ ഏർപ്പെടുത്തിയ പ്രദേശത്തെ ഒരു പള്ളിക്ക് സമീപമാണ് റോക്കറ്റ് ചെന്ന് പതിച്ചതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ തടവിലാക്കിയിരിക്കുന്ന സൈനികരെ വിട്ടയക്കാതെ രാജ്യത്തുള്ള 320 താലിബാൻ തടവുകാരെ വിട്ടയക്കില്ല എന്ന അഫ്​ഗാൻ സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് റോക്കറ്റ് ആക്രമണം നടന്നത്. അതേസമയം താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് സംഭവത്തെക്കുറിച്ച് തങ്ങൾക്ക് അറിയില്ലെന്ന് വ്യക്തമാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Rocket hit near main diplomatic district in kabul

We use cookies to give you the best possible experience. Learn more