| Thursday, 1st April 2021, 6:34 pm

'മനുഷ്യനെ തല ഉയര്‍ത്താന്‍ കഴിയാത്തവിധം നാണം കെടുത്തണമെങ്കില്‍ രാജ്യദ്രോഹിയെന്ന് മുദ്രകുത്തിയാല്‍ മതി'; നമ്പി നാരായണനായി മാധവന്‍; ട്രെയ്‌ലര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: ആര്‍. മാധവന്റെ ട്രൈ കളര്‍ ഫിലീസും ഡോക്ടര്‍ വര്‍ഗീസ് മൂലന്റെ വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറില്‍ നിര്‍മിക്കുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് എന്ന ബ്രഹ്മാണ്ട ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടു.

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.

നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും മാധവന്‍ തന്നെയാണ്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതമാണ് ചിത്രം പറയുന്നത്.

100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ ഷാരൂഖ് ഖാനും സൂര്യയുമെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഹിന്ദിയില്‍ ഷാരുഖ് ഖാന്‍ ചെയ്യുന്ന റോളില്‍ തമിഴില്‍ സൂര്യ ആയിരിക്കും എത്തുക.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.

വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവന്‍ വലിയ മാറ്റങ്ങള്‍ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആര്‍ട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്.

ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റിവെയ്ക്കുകയായിരുന്നു.

സിമ്രാന്‍ ആണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ ഒന്നിക്കുന്നത്. . നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

വെള്ളം സിനിമയുടെ സംവിധായകന്‍ പ്രജേഷ് സെന്‍ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Rocketry biopic of Nambi Narayanan Directed by R Madhavan trailer out

Latest Stories

We use cookies to give you the best possible experience. Learn more