| Saturday, 10th December 2022, 2:44 pm

പഞ്ചാബില്‍ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ഗ്രനേഡ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡിഗഢ്: പഞ്ചാബ് അതിര്‍ത്തി ജില്ലയായ തണ്‍ തരണിലെ പൊലീസ് സ്റ്റേഷന് നേരെ റോക്കറ്റ് ഗ്രനേഡ് ആക്രമണം.

പുലര്‍ച്ചെ ഒരു മണിയോടെയാണ് അമൃത്സര്‍-ബത്തിണ്ട ഹൈവേയിലെ സര്‍ഹാലി പൊലീസ് സ്റ്റേഷനിലേക്ക് അജ്ഞാതരുടെ ആക്രമണമുണ്ടായത്.

ഗ്രനേഡ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് പൊലീസുകാര്‍ എത്തിയപ്പോഴേക്കും അക്രമികള്‍ കടന്നുകളഞ്ഞിരുന്നു. റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (Rocket-propelled grenade) ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പൊലീസ് സ്റ്റേഷന്റെ പുറം തൂണില്‍ ഇടിച്ച ശേഷം റോക്കറ്റ് തിരിച്ചുവന്നതിനാല്‍ ആളപായമുണ്ടായില്ല. ആക്രമണത്തില്‍ പൊലീസ് സ്റ്റേഷന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണം നടക്കുമ്പോള്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ക്ലര്‍ക്കും ഓഫീസ് ജീവനക്കാരനുമാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്.

ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. പഞ്ചാബ് ഡി.ജി.പിയും ഫോറന്‍സിക് സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി എസ്.പി ഗുര്‍മീത് സിങ് ചൗഹാന്‍ പറഞ്ഞു.

അതേസമയം, ഇത് രണ്ടാം തവണയാണ് റോക്കറ്റ് ഗ്രനേഡ് ഉപയോഗിച്ച് പൊലീസിന് നേരെ ആക്രമണം ഉണ്ടാകുന്നത്. പഞ്ചാബിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നേരെയും പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ വര്‍ഷം മെയ് മാസത്തില്‍ മൊഹാലിയിലെ പൊലീസ് ഇന്റലിജന്‍സ് ആസ്ഥാനത്തിന് നേരെയും സ്‌ഫോടനം നടന്നിരുന്നു.

Content Highlight: Rocket-propelled grenade was fired at a police station in Punjab

We use cookies to give you the best possible experience. Learn more