| Wednesday, 29th October 2014, 11:14 am

മനുഷ്യരഹിത റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിര്‍ജീനിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ചരക്കെത്തിക്കാന്‍ തയ്യാറെടുത്ത മനുഷ്യരഹിത റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. കിഴക്കന്‍ വിര്‍ജീനിയയിലെ നാസയുടെ വാലപ്പ് ഫ്‌ളൈറ്റ് ഫസിലിറ്റിയിലാണ് സംഭവം.

ശാസ്ത്ര പരീക്ഷണോപകരണങ്ങളടക്കം 2293 കിലോ ഭാരം വരുന്ന ചരക്കുകളാണ്  “ആന്റെറിസ്‌” എന്ന് പേരുള്ള റോക്കറ്റിലുണ്ടായിരുന്നത്. വിര്‍ജീനിയന്‍ വൈകുന്നേരം 6.22 നാണ് വിക്ഷേപണം നടത്തിയത്. കൗണ്‍ഡൗണ്‍ സമയത്ത് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആകാശത്തിലേക്കുയര്‍ന്ന ഉടനെ റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു.

“ഒര്‍ബിറ്റല്‍ സയന്‍സ് കോര്‍പറേഷന്‍ എന്ന സ്വകാര്യ റോക്കറ്റ് നിര്‍മ്മാതാക്കളാണ് ഈ ബഹിരാകാശ ദൗത്യത്തിന്‍ നാസയുമായി സഹകരിച്ചത്. ആദ്യഘട്ടത്തില്‍ തന്നെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി തോന്നി ഉടനെത്തന്നെ അത് ഭൂമിയിലേക്ക് വീഴുകയായിരുന്നു.”  എന്ന് കമ്പനി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫ്രാങ്ക് എല്‍. കള്‍ബേര്‍ട്‌സണ്‍ പറഞ്ഞു. എന്നാല്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ല.

വിര്‍ജീനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ബിറ്റല്‍ കമ്പനി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അവരുടെ ആദ്യത്തെ റോക്കറ്റ് വിക്ഷേണം നടത്തിയിരുന്നു. അതിനുശേഷം നാസയ്ക്ക് വേണ്ടി റോക്കറ്റിന്റെയും ചരക്കു വാഹിനിയുടെയും കാര്യക്ഷമതയും പ്രവര്‍ത്തന മാതൃകയും അവതരിപ്പിച്ചിരുന്നു. രണ്ടുതവണ കമ്പനി വിക്ഷേപണം നടത്തുകയും ചെയ്തു. ബഹിരാകാശ നിലയത്തിലേക്കുള്ള ചരക്കു നീക്കത്തിനായി സ്വകാര്യ കമ്പനികളെ നാസ വാടകക്കെടുത്തിരുന്നു.

1.9 ദശലക്ഷം ഡോളര്‍ ചിലവുള്ള  എട്ട് പ്രക്ഷേപണ ദൗത്യ കരാറിലുള്ള മൂന്നാമത്തെ പ്രക്ഷേപണമായിരുന്നു ഇത്. ബഹിരാകാശ നിലയത്തിലേക്ക് ചരക്കു നീക്കം നടത്തുന്ന രണ്ടു സ്വകാര്യ കമ്പനികളില്‍ ഒന്നാണ് ഓര്‍ബിറ്റല്‍. കാലിഫോര്‍ണിയയിലെ സ്‌പേസ് എക്‌സ് എന്ന സ്ഥാപനം നാലുതവണ നടത്തിയ ചരക്കുവാഹക റോക്കറ്റ് വിക്ഷേപണം വിജയകരമായിരുന്നു.

ഈ പരാജയം ബഹിരാകാശ നിലയത്തിന് വലിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതല്ല. അടുത്ത വസന്തകാലം വരെ പര്യാപ്തമായ ചരക്കുകള്‍ അവിടെയുണ്ട്. ബുധനാഴ്ച്ച ഒരു റഷ്യന്‍ ചരക്ക് റോക്കറ്റ് ബഹിരാകാശ പേടകത്തിലേക്ക് വിക്ഷേപിക്കാനൊരുങ്ങുകയാണ്. സ്‌പേസ് എക്‌സിന്റെ അടുത്ത ദൗത്യം അടുത്ത ഡിസംബറിലുണ്ടാവും എന്ന് നാസ അറിയിച്ചു.

അതേസമയം നാസ റോക്കറ്റിന്റെ കാര്യക്ഷമത പരിശോധനയില്‍ പിശകുണ്ടായെന്ന സംശവും ഉയരുന്നുണ്ട്.

We use cookies to give you the best possible experience. Learn more