കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂള്‍ വിമാനത്താവളത്തിന് സമീപം വീണ്ടും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപം ഒരു വീടിന് മുന്നില്‍ റോക്കറ്റ് വന്ന് പതിക്കുകയായിരുന്നെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും അഫ്ഗാനിസ്ഥാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അഫ്ഗാനില്‍ ഞായറാഴ്ച ഭീകരാക്രമണ സാധ്യതയുണ്ടെന്ന അമേരിക്കയുടെ മുന്നറിയിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് കാബൂളില്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.
കാബൂളിലെ യു.എസ് എംബസി കാബൂള്‍ വിമാനത്താവളത്തിന്റെ പ്രവേശന കവാടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ആക്രമണം നടക്കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു.
കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്ത് അമേരിക്ക പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടയില്‍ ഒരു റോക്കറ്റ് പതിക്കുകയും ഒരു കുട്ടി കൊല്ലപ്പെടുകയും ചെയ്‌തെന്ന് അഫ്ഗാന്‍ പൊലീസ് മേധാവി പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
കാബൂള്‍ എയര്‍പോര്‍ട്ടിന് സമീപം ഒരു സ്‌ഫോടനം കേട്ടതായി അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകാശത്തേക്ക് കറുത്ത പുക ഉയരുന്നതായി വിവിധ അഫ്ഗാന്‍ മാധ്യമങ്ങളില്‍ വീഡിയോ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.
നേരത്തെ കാബൂള്‍ വിമാനത്താവളത്തില്‍ ചാവേറാക്രമണത്തില്‍ 103 പേര്‍ കൊല്ലപ്പെടുകയും 143 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ടോടെയാണ് ഹമീസ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പതിമൂന്ന് അമേരിക്കന്‍ പട്ടാളക്കാര്‍ ഉള്‍പ്പെടെ 103 പേര്‍ക്ക് ജീവന്‍ നഷ്ടമായ ആക്രമണം നടന്നത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഉപവിഭാഗമായ ഖൊരാസന്‍ ഭീകര സംഘടന ഏറ്റെടുത്തിരുന്നു. അമേരിക്കയും താലിബാനും ഇത് സ്ഥിരീകരിച്ചിരുന്നു.
ആക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം തന്നെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഐ.എസിനെതിരെ അമേരിക്ക തിരിച്ചടിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്.
കിഴക്കന്‍ അഫ്ഗാന്‍ മേഖലയിലെ ഐ.എസ് പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
നന്‍ഗര്‍ പ്രവിശ്യയില്‍ ആക്രമണം നടത്തിയെന്നും ചാവേറാക്രമണത്തിനു പദ്ധതിയിട്ട ഐ.എസ് ഭീകരനെ വധിച്ചെന്നും അമേരിക്കന്‍ സേനയിലെ ഉന്നത ഉദ്യോഗസ്ഥനായ ബില്‍ അര്‍ബന്‍ അറിയിച്ചു.
ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അമേരിക്ക പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നുണ്ട്.