കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ തന്നെ ആ താരതമ്യം ഞങ്ങള്‍ ഉറപ്പിച്ചിരുന്നു: റോബി വര്‍ഗീസ്
Entertainment
കണ്ണൂര്‍ സ്‌ക്വാഡിന്റെ സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ തന്നെ ആ താരതമ്യം ഞങ്ങള്‍ ഉറപ്പിച്ചിരുന്നു: റോബി വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 28th September 2023, 5:32 pm

കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുമ്പോള്‍ തന്നെ തീരന്‍ അധികാരം ഒണ്ട്ര് എന്ന തമിഴ് ചിത്രവുമായി താരതമ്യം നടത്തിയിരുന്നുവെന്നും എന്നാല്‍ തീരനില്‍ നിന്ന് തികച്ചും വ്യത്യസ്തമായ കഥയാണ് കണ്ണൂര്‍ സ്‌ക്വാഡിന്റേതെന്നും സംവിധായകന്‍ റോബി വര്‍ഗീസ്. സിനിമ റിലീസായതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റോബി.

‘അത് സക്രിപ്റ്റ് ചെയ്യുമ്പോള്‍ തന്നെ അറിയാമായിരുന്നു. കാരണം, രണ്ടും സെയിം ഴോണറാണല്ലോ. രണ്ടും ട്രാവല്‍ മൂവിയാണ്. അത് പടം ഇറങ്ങിയിട്ട് കാണാമെന്ന് വിചാരിച്ചു. അത് തീരനാണോ അല്ലേയെന്ന് ആള്‍ക്കാര്‍ തീരുമാനിക്കട്ടെ,’ റോബി പറഞ്ഞു.

കണ്ണൂര്‍ സ്‌ക്വാഡ് യഥാര്‍ത്ഥ കഥയെ ആസ്പദമാക്കിയിട്ടുള്ളതാണെന്നും സിനിമക്ക് വേണ്ടി കുറെ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, താന്‍ പടം കണ്ടിട്ടില്ലെന്നും പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണം വരുന്നുണ്ടെന്നും റോബി പറഞ്ഞു. ആളുകളുടെ പ്രതികരണം കേട്ട് മമ്മൂക്ക തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നുവെന്നും ദുബൈയില്‍ നിന്നും അദ്ദേഹം നാളെയെത്തുമെന്നും റോബി പറഞ്ഞു.

അതേസമയം, തീരന്‍ അധികാരം ഒണ്ട്ര് എന്ന ചിത്രവുമായി താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും കണ്ണൂര്‍ സ്‌ക്വാഡ് വേറിട്ട് നില്‍ക്കുന്ന സിനിമയാണെന്നുമാണ് പ്രേക്ഷക പ്രതികരണം.

ആദ്യഷോ കഴിഞ്ഞപ്പോള്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ടേമുക്കാല്‍ മണിക്കൂര്‍ പ്രേക്ഷകരെ എന്‍ഗേജിങ്ങാക്കി നിര്‍ത്താന്‍ ചിത്രത്തിന് കഴിഞ്ഞു. തിയേറ്ററില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ണ സംതൃപ്തിയാണ് ചിത്രം നല്‍കുന്നതെന്നും കണ്ണൂര്‍ സ്‌ക്വാഡിലൂടെ മികച്ച മറ്റൊരു പുതുമുഖ സംവിധായകനെ കൂടി മമ്മൂട്ടി മലയാളത്തിന് നല്‍കിയെന്നും പ്രേക്ഷകര്‍ പറയുന്നു.

പ്രകടനത്തിലേക്ക് വരുമ്പോള്‍ മമ്മൂട്ടിയുടെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട ആവശ്യമില്ലെന്നും ചിത്രത്തിന്റെ ഭാഗമായ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അഭിപ്രായങ്ങളുണ്ട്.

സുഷിന്‍ ശ്യാമിന്റെ മ്യൂസിക് ചിത്രത്തിന് മുതല്‍ക്കൂട്ടായെന്നും ഇന്‍വെസ്റ്റിഗേഷന്‍ മാത്രമല്ല, ഇമോഷണലിയും ചിത്രം കണക്ടാവുന്നുണ്ടെന്നും ചിത്രം കണ്ടവര്‍ പറയുന്നു. ആദ്യദിവസത്തെ പ്രതികരണങ്ങള്‍ ഇനി വരുന്ന ദിവസങ്ങളിലും തുടര്‍ന്നാല്‍ ചിത്രം സൂപ്പര്‍ ഹിറ്റാവുമെന്ന പ്രതീക്ഷയാണുള്ളത്.

ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.

Content Highlights: Roby Varghese about the comparison between Kannur Squad and Theeran