| Thursday, 13th August 2015, 10:16 am

ഇന്ത്യയിലും റോബോട്ട് കില്ലര്‍: ഹരിയാനയിലെ ഫാക്ടറി തൊഴിലാളി കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുഡ്ഗാവ്: ഗുഡ്ഗാവില്‍ റോബോട്ടിന്റെ അടിയേറ്റ് ഫാക്ടറി തൊളിലാളി കൊല്ലപ്പെട്ടു. എസ്.കെ.എച്ച് മെറ്റല്‍സ് എന്ന കമ്പനിയിലെ തൊഴിലാളിയായ രാംജി ലാല്‍(24)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. കഴിഞ്ഞമാസം സമാനമായ രീതിയില്‍ ജര്‍മ്മനിയില്‍ ഫോക്‌സ് വാഗന്‍ ഫാക്ടറിയില്‍  ഒരു തൊഴിലാളി കൊല്ലപ്പെട്ടിരുന്നു. ഉത്തര്‍ പ്രദേശിലെ ഉന്നാവോ സ്വദേശിയാണ് മരിച്ച റാംജി ലാല്‍.

ഫാക്ടറിയില്‍ ഷീറ്റുകള്‍ വെല്‍ഡ്  ചെയ്യുന്നതിനായി നേരത്തെ പ്രോഗ്രാം ചെയ്ത് ഉപയോഗിച്ചിരുന്ന റോബോട്ടാണ് അപകടകാരണമായത്. വെല്‍ഡ് ചെയ്യാനായി റോബോട്ട് എടുത്ത ഷീറ്റ് സ്ഥാനം തെറ്റിയപ്പോള്‍ അത് നേരെയാക്കാന്‍ ശ്രമിക്കവെ റാംജി ലാല്‍ കുടുങ്ങിപ്പോവുകയായിരുന്നു. 63 ജീവനക്കാരും 39 റോബോട്ടുകളും ജോലി ചെയ്യുന്ന സമയത്താണ് അപകടമുണ്ടായത്.

അതേസമയം മാനേജ്‌മെന്റിന്റെ അനാസ്ഥയാണ് അപകട കാരണം എന്ന് മാരുതി ഉദ്യോഗ് കാംഗര്‍ യൂണിയന്‍ നേതാവ് കുല്‍ദീപ് ജംഗു പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും രാംജിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കമ്പനി തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. കമ്പനി മാനേജ്‌മെന്റിന്റെയും കോണ്‍ട്രാക്ടറുടേയും പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജര്‍മ്മനിയിലുണ്ടായ അപകടത്തെ തുടര്‍ന്ന് റോബോട്ടുകളുമായി ഇടപെടുന്ന തൊഴിലാളികളുടെ സുരക്ഷ ഏറെ ചര്‍ച്ചയായിരുന്നു. ഈ ജൂണ്‍ 29നാണ് ഫോക്‌സ് വാഗന്‍ കമ്പനിയില്‍ അപകടമുണ്ടായത്.

We use cookies to give you the best possible experience. Learn more