| Monday, 13th March 2017, 1:11 pm

'റോബിന്‍ വടക്കുംചേരിയെ വെറുതെ വിട്ടാല്‍ വൈദിക പട്ടത്തിലേക്ക് തിരിച്ചെടുക്കുമോ?' ഇടവകക്കാരുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മാനന്തവാടി ബിഷപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പീഡനക്കേസുമായി ബന്ധപ്പെട്ട ഇടവകക്കാരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പെരുന്നേടം. റോബിന്‍ വടക്കുംചേരിയെ വെറുതെ വിട്ടാല്‍ വൈദിക പട്ടത്തിലേക്ക് തിരിച്ചെടുക്കുമോ, കൊട്ടിയൂരില്‍ നിന്നും പരാതികള്‍ ഉയര്‍ന്നിട്ടും വടക്കുംചേരിക്കെതിരെ നടപടിയെടുക്കാഞ്ഞതെന്ത്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാന്‍ ബിഷപ്പ് തയ്യാറായില്ല.

കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റിയന്‍സ് പള്ളി സന്ദര്‍ശനത്തിനിടെയാണ് മാനന്തവാടി ബിഷപ്പിനു മുമ്പില്‍ ഇടവകക്കാര്‍ ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

തെളിവുകള്‍ എല്ലാം നശിപ്പിച്ചതിനാല്‍ കോടതി റോബിന്‍ വടക്കുംചേരിയെ വെറുതെ വിട്ടാല്‍ വൈദിക പട്ടത്തിലേക്ക് തിരിച്ചെടുക്കുമോയെന്നായിരുന്നു ഇടവകക്കാരുടെ ചോദ്യം. റോബിന്‍ വടക്കുംചേരിക്കെതിരെ കൊട്ടിയൂരില്‍ നിന്ന് ഒട്ടേറെ പരാതികള്‍ അയച്ചിട്ടും നടപടി എടുക്കാത്തതിനെക്കുറിച്ചും ഇടവകക്കാര്‍ ചോദിച്ചു. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടിയായി “ഊമക്കത്തുകളുടെ പേരിലല്ല ഒരു നടപടിയും എടുക്കേണ്ടത്” എന്നു പറഞ്ഞ് ബിഷപ്പ് ഒഴിഞ്ഞുമാറുകയാണുണ്ടായത്.


Also Read: ‘ഇത് എക്കാലത്തേയും വലിയ ചതി, ജനങ്ങളെയാണ് അധിക്ഷേപിച്ചിരിക്കുന്നത്’ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെ ഗോവന്‍ ഫോര്‍വേര്‍ഡ് പാര്‍ട്ടിയില്‍ പ്രതിഷേധം 


നമ്മുക്കുണ്ടായ ഈ അപമാനത്തിന്റെ കറയിലൂടെ നാം നടന്നത് കുരിശിന്റെ വഴിയിലൂടെ തന്നെയാണെന്നും ഈ കുരിശുയാത്ര മുന്നോട്ടുനീങ്ങുകയാണെന്നും കൊട്ടിയൂരില്‍ കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ബിഷപ്പ് പറഞ്ഞു.

എന്നാല്‍ പീഡാനുഭവങ്ങള്‍ക്കപ്പുറം നമ്മെ കാത്തിരിക്കുന്ന ഉത്ഥാനത്തിന്റെ പ്രത്യാശ നമ്മെ നയിക്കും. അതിന്റെ തെളിവാണ് പ്രതിസന്ധിയില്‍ ഇടവകാംഗങ്ങള്‍ സമചിത്തതയോടെ നിലകൊണ്ടതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

വൈദികന്റെ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയോടും കുടുംബത്തോടും ഇടവകയോടും തന്റെ ദുഃഖം ബിഷപ്പ് പ്രകടിപ്പിച്ചു. അതേസമയം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ പള്ളികളില്‍ ഒരുക്കുമെന്നും വിശ്വാസികള്‍ക്ക് ബിഷപ്പ് ഉറപ്പ് നല്‍കി.


Don”t Miss: പ്രിയ സുഹൃത്തുക്കളേ…നമുക്കാരും ഒരു രൂപയും വെറുതേ തരില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്; സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളോട് സന്തോഷ് പണ്ഡിറ്റ്


We use cookies to give you the best possible experience. Learn more