മുംബൈ: വരാനിരിക്കുന്ന ഐ.പി.എല്‍ സീസണില്‍ ആരാധകര്‍ ഏറ്റവുമധികം കാത്തിരുന്നത് കൊല്‍ക്കത്തയെ ആര് നയിക്കും എന്നറിയാനായിരുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പ കൊല്‍ക്കത്തയെ നയിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ട വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തിക്കിനെയാണ് കൊല്‍ക്കത്ത നായകനായി തെരഞ്ഞെടുത്തിരുന്നത്.
കാര്‍ത്തിക്ക് നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുന്നത് റോബിന്‍ ഉത്തപ്പയെ തന്നെയാണ്. നേരത്തെ ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്നാടിനെ നയിച്ച അനുഭവ സമ്പത്തുണ്ട് ദിനേഷ് കാര്‍ത്തിക്കിന്. ദുലീപ് ട്രോഫിയില്‍ ഇന്ത്യ റെഡ് ടീമിനെയും കാര്‍ത്തിക് നയിച്ചിരുന്നു.
നേരത്തെ കൊല്‍ക്കത്തന്‍ നായകന്‍ ആരായിരിക്കണമെന്ന് അഭിപ്രായപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും കൊല്‍ക്കത്തന്‍ താരവുമായിരുന്ന സൗരവ് ഗാംഗുലി രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പയാണ് നായകസ്ഥാനത്തേക്ക് പരിഗണിക്കാന്‍ കഴിയുന്ന താരമെന്നാണ് ദാദ പറഞ്ഞിരുന്നത്. ഉത്തപ്പയുടെ അഭാവത്തില്‍ ദിനേഷ് കാര്‍ത്തിക്കിനെയും പരിഗണിക്കാമെന്നും ഗാംഗുലി പറഞ്ഞിരുന്നു.
തങ്ങളുടെ നായകനാകുന്നയാളുടെ വ്യക്തിത്വത്തിനും പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് കൊല്‍ക്കത്തയുടെ അസിസ്റ്റന്റ് കോച്ച് സൈമണ്‍ കാറ്റിച്ചും രംഗത്ത് വന്നിരുന്നു.
“ടീം ക്യാപില്‍ ഏറ്റവും നന്നായി ഇടപഴകാന്‍ കഴയുന്ന ഒരാളെയാണ് ഞങ്ങള്‍ തിരയുന്നത്. എല്ലാ താരങ്ങളുമായി സൗഹാര്‍ദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ആളാകണം നായകന്‍. അയാള്‍ ക്രിക്കറ്റിനെക്കുറിച്ച് മാത്രം സംസാരിച്ചാല്‍ പോര, എല്ലാ താരങ്ങളെയും അവരുടെ സ്വഭാവത്തെയും മനസിലാക്കുന്ന ആളാകണം” എന്നുമായിരുന്നു കാറ്റിച്ച് പറഞ്ഞിരുന്നത്.
എന്നാല്‍ നായകസ്ഥാനത്തെച്ചൊല്ലി പിണങ്ങിയിരിക്കാനൊന്നും ഉത്തപ്പ തയ്യാറല്ല. തന്റെ ഫിറ്റ്‌നസിലാണ് പൂര്‍ണ്ണമായി ശ്രദ്ധിക്കുന്നതെന്ന് ആരാധകരോട് പറയുകയാണ് ഉത്തപ്പ തന്റെ പുറത്തുവിട്ട വര്‍ക്ക് ഔട്ട് വീഡിയോയിലൂടെ.
ഈയിടെ അല്‍പ്പം തടികൂടിയിരുന്ന ഉത്തപ്പ വ്യായാമത്തിലൂടെ ശരീര പ്രകൃതി ഏറ്റവും അനുയോജ്യമാക്കിയിരിക്കുകയാണ്. അതിനായി നിരന്തരം ജിമ്മില്‍ പരിശീലനത്തിലായിരുന്നു ഈ കര്‍ണാടക താരം.
ജിമ്മിലെ കഠിനപരിശീലനത്തിന്റെ വീഡിയോയും താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.