പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ കീഴില്‍ ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20യും മൂന്ന് ഏകദിനവുമടങ്ങുന്ന പരമ്പരക്കായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് ഇന്ത്യ. ജൂലൈ 27, 28, 30 തീയതികളിലാണ് മൂന്ന് ടി-20 മത്സരങ്ങള്‍ നടക്കുന്നത്.
ഓഗസ്റ്റ് 2, 4, 7 തീയതികളില്‍ മൂന്ന് ഏകദിന മത്സരങ്ങളും നടക്കും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന രണ്ട് ഫോര്‍മാറ്റിലേയും സ്‌ക്വാഡ് അടുത്തിടെ പുറത്ത് വിട്ടിരുന്നു. ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ മലയാളി സൂപ്പര്‍താരം സഞ്ജു സാംസണിന് ഇടം നേടാന്‍ സാധിച്ചിരുന്നില്ല.
ഇപ്പോഴിതാ ഇന്ത്യൻ ഏകദിന ടീമിൽ സഞ്ജുവിന് അവസരം ലഭിക്കാത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. സോണി സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം
‘സഞ്ജുവിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുകയാണെങ്കില്‍ ഇതാദ്യമായല്ല അദ്ദേഹം ഇത്തരത്തിലൊരു അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഒരു കളിക്കാരന്‍ എന്ന നിലയില്‍ അവസരമില്ലാതെ സഞ്ജു ഇത്തരത്തില്‍ പോകുന്നത് അവസാനത്തേതാണെന്ന് ഞാന്‍ കരുതുന്നില്ല. സഞ്ജുവിന്റെ ഏകദിന സ്റ്റാറ്റുകള്‍ നോക്കുകയാണെങ്കില്‍ അത് അവിശ്വസനീയമാണ്.
ഇന്ത്യന്‍ ടീമിലെ ലീഡര്‍ഷിപ്പ് ഗ്രൂപ്പിലെ മാറ്റങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആരാധകരും അനുഭാവികളും എന്ന നിലയില്‍ ഞങ്ങള്‍ക്കും അല്‍പ്പം ഇടം നല്‍കണം. സഞ്ജു ഇപ്പോഴും ടീമിന് പുറത്തല്ലേ എന്ന് ഞാന്‍ കരുതുന്നു. ഇത് സമയത്തിന്റെ കാര്യമാണ് അദ്ദേഹത്തിന് ഇനിയും അവസരങ്ങള്‍ ലഭിക്കും. അവസരം ലഭിക്കുമ്പോള്‍ അത് കൃത്യമായി വിനിയോഗിക്കാന്‍ അവന് സാധിക്കണം,’ ഉത്തപ്പ പറഞ്ഞു.
ഇന്ത്യക്കൊപ്പം കളിച്ച അവസാന ഏകദിന മത്സരത്തില്‍ സെഞ്ച്വറി നേടിയിട്ടും സഞ്ജുവിനും ഏകദിന ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കെതിരെ 114 പന്തില്‍ 108 റണ്‍സ് കൊണ്ടായിരുന്നു മലയാളി താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം. ഈ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയതും സഞ്ജുവായിരുന്നു.
സിംബാബ്വേക്കെതിരെയുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ആയിട്ടായിരുന്നു സഞ്ജു കളത്തിലിറങ്ങിയത്. ആദ്യ രണ്ടു മത്സരങ്ങളില്‍ ടീമിന്റെ ഭാഗമാവാന്‍ മലയാളി താരത്തിന് സാധിച്ചിരുന്നില്ല.
അവസാന മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടികൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. 45 പന്തില്‍ 58 റണ്‍സാണ് സഞ്ജു നേടിയത്. നാല് കൂറ്റന്‍ സിക്‌സുകളും ഒരു ഫോറുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
Content Highlight: Robin Uthappa talks about Sanju Samson