ടീമിൽ ആ മാറ്റങ്ങൾ വരുത്തിയാൽ ബംഗ്ലാദേശിന് ലോകകപ്പ് ഉയർത്താം; ഉപദേശവുമായി റോബിൻ ഉത്തപ്പ
Cricket
ടീമിൽ ആ മാറ്റങ്ങൾ വരുത്തിയാൽ ബംഗ്ലാദേശിന് ലോകകപ്പ് ഉയർത്താം; ഉപദേശവുമായി റോബിൻ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd June 2024, 3:32 pm

ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യയും ബംഗ്ലാദേശിനെയാണ് നേരിടുക. കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ വീഴ്ത്തിയ ആത്മവിശ്വാസവുമായാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനെതിരെ കളത്തില്‍ ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട ബംഗ്ലാദേശ് ഇന്ത്യയ്ക്കെതിരെ വിജയിച്ചു കൊണ്ട് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്താനായിരിക്കും ബംഗ്ലാദേശ് ലക്ഷ്യമിടുക.

ഇപ്പോഴിതാ ലോകകപ്പില്‍ ബംഗ്ലാദേശ് മികച്ച ഒരു ടീമായി മാറണമെങ്കില്‍ എന്തു മാറ്റമാണ് കൊണ്ടുവരേണ്ടത് എന്നതിന് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. മത്സരങ്ങളില്‍ വിജയിക്കാന്‍ ടീമിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്തണമെന്നാണ് ഉത്തപ്പ പറഞ്ഞത്. ഇന്ത്യന്‍ സ്പിന്നര്‍ ആര്‍.അശ്വിന്റെ യൂട്യൂബ് ചാനലിലൂടെ പ്രതികരിക്കുകയായിരുന്നു ഉത്തപ്പ.

‘ബംഗ്ലാദേശ് ടീമിലെ എല്ലാവരും ടീമിന്റെ വലിയ കാര്യങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. അവരുടെ ആദ്യത്തെ ഫോക്കസ് എന്നത് ഒരു യൂണിറ്റ് ആയി കളിക്കുക എന്നാണ്. അതുകൊണ്ട് തന്നെ ടീമിന്റെ പുറത്ത് എന്ത് തന്നെ സംഭവിച്ചാലും അത് ടീമിന്റെ മാനസികാവസ്ഥയെ ബാധിക്കാന്‍ പാടില്ല. എവിടെയാണ് നിങ്ങള്‍ ഇന്ത്യയെ കണ്ടുപഠിക്കേണ്ടത് ഞങ്ങള്‍ അത്തരം കാര്യങ്ങള്‍ക്ക് ഒരു പ്രാധാന്യവും നല്‍കാറില്ല.

ഞങ്ങള്‍ ആരെയും ഈ യൂണിറ്റിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല പുറത്തുനിന്നുള്ള ശബ്ദങ്ങളില്‍ ഞങ്ങള്‍ പരമാവധി ശ്രെദ്ധ കൊടുക്കാറില്ല. അതുകൊണ്ട് തന്നെ ഒരു ടീം എന്ന നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും എല്ലാവരുടെയും ബോധ്യങ്ങളും വിശ്വാസങ്ങളും വളര്‍ത്തിയെടുക്കുന്ന ഒരു മാനസികാവസ്ഥ കെട്ടിപ്പടുത്തുയര്‍ത്താന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ ലോക ചാമ്പ്യന്മാരാണ്,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

Content Highlight: Robin Uthappa Talks about Bangladesh Team