അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണ്, ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ അവനാണ്: റോബിന്‍ ഉത്തപ്പ
Sports News
അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാഗ്യമാണ്, ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ അവനാണ്: റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 22nd April 2024, 4:31 pm

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ ഗുജറാത്തിനെതിരെ പഞ്ചാബിന് മൂന്നു വിക്കറ്റിന്റെ തോല്‍വി വഴങ്ങേണ്ടിവന്നിരുന്നു. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് അഞ്ച് പന്ത് അവശേഷിക്കെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 29 പന്തില്‍ 35 റണ്‍സും നേടി മികച്ച പ്രകടനമാണ്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ഗില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഇതോടെ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

‘എന്റെ അഭിപ്രായത്തില്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റിന്റെ വലിയ സമ്പത്താണ്, മികച്ച രീതിയിലാണ് അവന്റെ വളര്‍ച്ച. അവന്‍ പക്വത പ്രാപിക്കുന്നുണ്ട്. അദ്ദേഹം തന്റെ ഐ.പി.എല്‍ ടീമിനെ മാത്രമല്ല, വരും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ദേശീയ ടീമിനെയും നയിക്കാന്‍ സാധ്യതയുള്ള താരമാണ്, മാത്രമല്ല അവന്‍ ഒരു മികച്ച ക്യാപ്റ്റനായി വളരുന്നതിന് നമ്മള്‍ സാക്ഷ്യം വഹിക്കും,’ ഉത്തപ്പ ജിയോസിനിമയില്‍ പറഞ്ഞു.

മത്സരത്തില്‍ രാഹുല്‍ തെവാട്ടിയ 18 പന്തില്‍ നിന്ന് 36 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് ഗുജറാത്തിനെ വിജയത്തില്‍ എത്തിച്ചത്. ഏഴ് ഫോര്‍ ഉള്‍പ്പെടെ പുറത്താകാതെയാണ് താരം കഴിവ് തെളിയിച്ചത്.

ഇമ്പാക്ട് ആയി വന്ന സായി സുദര്‍ശന്‍ 34 പന്തില്‍ 31 റണ്‍സ് നേടി. ഹര്‍ഷല്‍ പട്ടേലിന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് പഞ്ചാബ് കളി തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ശ്രമിച്ചത്.

Content Highlight: Robin Uthappa Talking About Shubhman Gill