| Thursday, 25th July 2024, 3:35 pm

സഞ്ജുവിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകുമോ? പ്രതികരണവുമായി മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ജൂണ്‍ 27ന് ആരംഭിക്കുന്ന ഇന്ത്യ- ശ്രീലങ്ക പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ടി-20 സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു. എന്നാല്‍ താരത്തെ ഏകദിന സ്‌ക്വാര്‍ഡില്‍ നിന്ന് സെലക്ടര്‍മാര്‍ ഒഴിവാക്കിയിരുന്നു. പകരം റിഷബ് പന്തിനെയും കെ.എല്‍. രാഹുലിനെയുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ബി.സി.സി.ഐ എത്തിച്ചത്.

ഇന്ത്യയുടെ പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും സീനിയര്‍ സെലക്ടര്‍ അജിത്ത് അഗാക്കറിന്റെയും നിര്‍ദേശപ്രകാരമായിരുന്നു സ്‌ക്വാഡ് തെരഞ്ഞെടുത്തത്. ഇതോടെ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന സ്‌ക്വാഡില്‍ സഞ്ജുവിനെ തഴഞ്ഞതിനെക്കുറിച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. മുന്‍ താരം റോബിന്‍ ഉത്തപ്പയും ഇതേക്കുറിച്ച് സംസാരിച്ചിട്ടുണ്ടായിരുന്നു.

സഞ്ജുവിനെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആദ്യമായിട്ടല്ല തഴയുന്നതെന്നും ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഈ അവസ്ഥ അവസാനത്തേത് ആയിരിക്കില്ലെന്നും ഇനിയും തുടരാന്‍ സാധ്യതയുണ്ടെന്നും താരം പറഞ്ഞു.

‘ഇത് ആദ്യമായിട്ടല്ല സഞ്ജുവിനെ പുറത്താക്കുന്നത്. ഒരു താരം എന്ന നിലയില്‍ ഇങ്ങനെ ഒരു അവസ്ഥ അവസാനത്തേത് ആയിരിക്കില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇത് ഇനിയും ആവര്‍ത്തിക്കാം. ഏകദിനത്തില്‍ സഞ്ജുവിന്റെ പ്രകടനം തികച്ചും അവിശ്വസനീയമാണ്,’റോബിന്‍ ഉത്തപ്പ പറഞ്ഞു.

എന്നാല്‍ അവസരങ്ങള്‍ വരുമ്പോള്‍ സഞ്ജു അത് കാര്യക്ഷമമായി ഉപയോഗിക്കണം എന്നും മുന്‍ താരം നിര്‍ദേശിച്ചിരുന്നു. സമയമാകുമ്പോള്‍ സഞ്ജുവിന് അവസരം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഉത്തപ്പ സംസാരം നിര്‍ത്തിയത്. അവസാനമായി സഞ്ജു കളിച്ചത് സിംബാബ്‌വേക്കെതിരായ ഏകദിനമാണ്. നിര്‍ണായകമായ മത്സരത്തില്‍ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് സഞ്ജു കാഴ്ച വെച്ചത്.

ഏകദിനത്തില്‍ 16 മത്സരത്തിലെ 11 ഇന്നിങ്‌സില്‍ നിന്നും 512 റണ്‍സാണ് താരം സ്വന്തമാക്കിയത്. 108 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ അടക്കം 56.67 ആവറേജും താരത്തിനുണ്ട്. എന്നാല്‍ പകരക്കാരനായ പന്തിന് ഏകദിനത്തില്‍ 37.3 ബാറ്റിങ് ആവറേജ് മാത്രമാണ് ഉള്ളത്.

ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റാല്‍ സഞ്ജുവിന് ഒരുപാട് അവസരങ്ങള്‍ കിട്ടുമെന്ന് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തിരുന്നെങ്കിലും വീണ്ടും വീണ്ടും ക്രിക്കറ്റില്‍ നിന്ന് സഞ്ജുവിനെ പുറത്താക്കുകയാണ് ബി.സി.സി.ഐ. 2025ല്‍ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടി മെച്ചപ്പെടുത്താനുള്ള ഏകദിന സ്‌ക്വാഡിനെയാണ് ഗംഭീര്‍ തെരഞ്ഞെടുത്തതെന്ന് അക്ഷരം തെറ്റാതെ പറയാം.

ഇതോടെ ഒരു പ്രധാനപ്പെട്ട ഐ.സി.സി ഇവന്റില്‍ കളിക്കാനുള്ള സഞ്ജുവിന്റെ കാത്തിരിപ്പ് നീളുകയാണ്. 2024 ടി-20 ലോകകപ്പിലെ സ്‌ക്വാഡില്‍ ഇടം നേടിയിരുന്നെങ്കിലും താരത്തെ സന്നാഹ മത്സരത്തില്‍ മാത്രമാണ് കളിപ്പിച്ചത്. ഒരു മത്സരം പോലും താരത്തെ കളിപ്പിച്ചിട്ടില്ലായിരുന്നു.

റൈറ്റ് ഹാന്‍ഡ് ബാറ്ററും ലെഫ്റ്റ് ഹാന്‍ഡ് ബാറ്ററും ഉള്‍പ്പെടുന്ന ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ കോമ്പിനേഷനില്‍ സഞ്ജുവിന്റെ സാധ്യത മങ്ങുമ്പോള്‍ ഇടങ്കയ്യന്‍ ബാറ്റര്‍ പന്തിന്റെ സാധ്യത വാനോളം വലുതാവുകയാണ്. 2022 വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ ശേഷം ഐ.പി.എല്ലിലാണ് താരം തിരിച്ചുവന്നത്. എന്നാല്‍ അതിനു ശേഷം ഒരു ഏകദിന മത്സരവും താരം കളിച്ചിട്ടില്ല.

Content Highlight: Robin Uthappa Talking About Sanju Samson

Latest Stories

We use cookies to give you the best possible experience. Learn more