| Thursday, 4th July 2024, 10:39 pm

ജേഴ്‌സികള്‍ വിരമിച്ചുതുടങ്ങിയാല്‍ ഒരു നമ്പറും അവശേഷിക്കില്ല; വിമര്‍ശനവുമായി റോബിന്‍ ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.സി.സി ടി-20 ലോകകപ്പില്‍ സൗത്ത് ആഫ്രിക്കയെ ഏഴ് റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ മുന്നില്‍ സൗത്ത് ആഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ് ഇറങ്ങിയത് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയുമായിരുന്നു.

രോഹിത് 9 റണ്‍സിന് പുറത്തായപ്പോള്‍ 59 പന്തില്‍ 76 റണ്‍സ് നേടിയ വിരാടാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും കളിയിലെ താരവും. ആറ് ഫോറുകളും രണ്ട് സിക്സുകളുമാണ് വിരാടിന്റെ ബാറ്റില്‍ നിന്നും പിറന്നത്. കളിയിലെ താരവും വിരാടായിരുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള ആരാധകരെ അമ്പരപ്പിച്ചുകൊണ്ടാണ് വിരാടും ക്യാപ്റ്റന്‍ രോഹിത്തും ടി-20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും മിന്നും പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. എന്നാല്‍ ഇരുവരും വിരമിക്കുമ്പോള്‍ തങ്ങളുടെ ജേഴ്‌സി നമ്പര്‍ കൂടെ വിരമിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ആദര സൂചകമായി താരങ്ങളുടെ ജേഴ്‌സി നമ്പര്‍ മറ്റാര്‍ക്കും കൊടുക്കില്ല എന്ന ബി.സി.സി.ഐയുടെ തീരുമാനത്തിനെതിരെ സംസാരിക്കുകയായിരുന്നു താരം.

‘ജഴ്‌സികള്‍ വിരമിക്കാന്‍ തുടങ്ങിയാല്‍ യുവതാരങ്ങള്‍ക്ക് ഒരു നമ്പറും അവശേഷിക്കില്ല. ഇപ്പോള്‍ 10ഉം 7ഉം വിരമിച്ചു. ഒരു യുവ കളിക്കാരന് 10 അല്ലെങ്കില്‍ 7 വേണമെങ്കില്‍, അയാള്‍ക്ക് അത് നേടാനാവില്ല. അത് ശരിയായ സമീപനമല്ല. ബി.സി.സി.ഐക്ക് ഐക്കണിക് നമ്പറുകള്‍ തടഞ്ഞുവയ്ക്കാന്‍ കഴിയും, പ്രശസ്തമായ നമ്പറുകളിലൊന്ന് ധരിക്കാന്‍ യോഗ്യനായ ഒരു കളിക്കാരന്‍ വരുമ്പോള്‍ ആ ജേഴ്‌സി നമ്പര്‍ നല്‍കണം,’റോബിന്‍ ഉത്തപ്പ പറഞ്ഞു.

Content Highlight: Robin Uthappa Talking About Jersey Number Retiring

We use cookies to give you the best possible experience. Learn more