| Monday, 25th March 2024, 3:20 pm

അവര്‍ രണ്ടുപേരും തമ്മില്‍ സംസാരിക്കുന്നത് മുംബൈയ്ക്ക് നല്ലതാണ്: റോബിന്‍ ഉത്തപ്പ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ ഹൈദരാബാദില്‍ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ആറ് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ആദ്യ മത്സരം വിജയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഇറങ്ങിയ മുംബൈയ്ക്ക് സാധിച്ചില്ല. 2013ന് ശേഷം ഐ.പി.എല്ലിലെ ഓപ്പണിങ് മത്സരത്തില്‍ മുംബൈക്ക് വിജയിക്കാന്‍ സാധിച്ചില്ലായിരുന്നു. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

മത്സരശേഷം ഇരുവരും ആലിംഗനം ചെയ്യാന്‍ ശ്രമിച്ച സമയത്ത് രോഹിത് പാണ്ഡ്യയോട് സംസാരിച്ചു. പുതിയ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ തോല്‍വി വഴങ്ങിയത് ടീമിനെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടാണ്.

ഇതോടെ ഗ്രൗണ്ടിലെ ആശയക്കുഴപ്പങ്ങളെ കുറിച്ച് ഇരുവരും സംസാരിച്ചത് ടീമിനെ സംബന്ധിച്ചിടത്തോളം നല്ല വാര്‍ത്തയാണ് എന്നാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത്.

‘ഇത് എനിക്ക് ഇഷ്ടപ്പെട്ടു, ഈ രണ്ടുപേരും തമ്മില്‍ സംസാരിക്കുന്നത് കാണാന്‍ രസമുണ്ട്. മുംബൈ ഇന്ത്യന്‍സ് ആരാധകര്‍ ഈ സംഭാഷണങ്ങള്‍ ആസ്വദിക്കുമെന്ന് എനിക്കുറപ്പാണ്. ബാക്കിയുള്ള ഗെയിമുകളില്‍ എന്താണ് ചെയ്യേണ്ടത് എന്ന് രോഹിത് ഹര്‍ദിക്കിന് പറഞ്ഞുകൊടുത്തിട്ടുണ്ടാകുമെന്ന് കരുതുന്നു. രോഹിത് പറയുന്നത് ഹാര്‍ദിക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പുതിയ സീസണില്‍ മുംബൈയ്ക്ക് ഇത് സഹായകമാകുമെന്ന് എനിക്ക് തോന്നുന്നു,’ റോബിന്‍ ഉത്തപ്പ ജിയോ സിനിമയില്‍ പറഞ്ഞു.

മത്സരത്തില്‍ രോഹിത് ശര്‍മ 29 പന്തില്‍ നിന്ന് ഒരു സിക്‌സറും ഏഴ് ബൗണ്ടറിയും അടക്കം 43 റണ്‍സ് നേടിയാണ് പുറത്തായത്.
പുതിയ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ നാല് പന്തില്‍ 11 റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു. ക്യാപ്റ്റന്‍ റോളില്‍ ടീമിനെ വിജയിപ്പിക്കുന്നതില്‍ താരം പരാജയപ്പെടുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജി.ടിക്ക് വേണ്ടി ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ 19 റണ്‍സ് നേടിയപ്പോള്‍ യുവ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 22 പന്തില്‍ 31 റണ്‍സും നേടി. ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് ഇമ്പാക്ട് പ്ലെയര്‍ സായി സുദര്‍ശനായിരുന്നു. 39 പന്തില്‍ നിന്ന് ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 45 റണ്‍സ് ആണ് താരം നേടിയത്

Content Highlight: Robin Uthappa Talking About Hardik Pandya And Rohit Sharma

Latest Stories

We use cookies to give you the best possible experience. Learn more