| Wednesday, 15th March 2023, 9:09 pm

6, 6, 6 ആന്‍ഡ് ഇറ്റ്‌സ് ബല്ലേ, ബല്ലേ, ബല്ലേ ഇന്‍ ദി ക്രൗഡ്; കൊടുങ്കാറ്റായി ഉത്തപ്പ: വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കൊടുങ്കാറ്റിനെ വെല്ലുന്ന പ്രകടനവുമായി മുന്‍ ഇന്ത്യന്‍ താരവും ഇന്ത്യ മഹാരാജാസിന്റെ ഓപ്പണറുമായി റോബിന്‍ ഉത്തപ്പ. എല്‍.എല്‍.സിയില്‍ ഏഷ്യ ലയണ്‍സിനെതിരെയാണ് ഉത്തപ്പ ആഞ്ഞടിച്ചത്.

ഉത്തപ്പയുടെയും സഹ ഓപ്പണറും ടീമിന്റെ ക്യാപ്റ്റനുമായ ഗൗതം ഗംഭീറിന്റെയും ബാറ്റിങ് പ്രകടനത്തില്‍ മഹരാജാസ് പത്ത് വിക്കറ്റിന് വിജയം പിടിച്ചടക്കിയിരുന്നു. ലയണ്‍സ് ഉയര്‍ത്തിയ 158 റണ്‍സിന്റെ വിജയലക്ഷ്യം 45 പന്ത് ബാക്കി നില്‍ക്കെ മഹാരാജാസ് മറികടന്നു.

39 പന്തില്‍ നിന്നും പുറത്താകാതെ 88 റണ്‍സ് ഉത്തപ്പ അടിച്ചെടുത്തപ്പോള്‍ ഗംഭീര്‍ 36 പന്തില്‍ നിന്നും 61 റണ്‍സും നേടി.

പാകിസ്ഥാന്റെയും ശ്രീലങ്കയുടെയും അഫ്ഗാനിസ്ഥാന്റെയും ഇതിഹാസ താരങ്ങളെ ഒരു ബഹുമാനവും നല്‍കാതെയാണ് ഉത്തപ്പ തല്ലിയൊതുക്കിയത്. 11 ബൗണ്ടറിയും അഞ്ച് സിക്‌സറുമായിരുന്നു ഉത്തപ്പയുടെ ബാറ്റില്‍ നിന്നും പിറന്നത്. ആ അഞ്ച് സിക്‌സറില്‍ മൂന്ന് സിക്‌സറും പിറന്നത് ഒരു ഓവറിലായിരുന്നു.

പാകിസ്ഥാന്‍ സൂപ്പര്‍ താരം മുഹമ്മദ് ഹഫീസിന്റെ ഓവറിലായിരുന്നു ഉത്തപ്പ സിക്‌സറുകള്‍ കൊണ്ട് അമ്മാനമാടിയത്. തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കും വിധമായിരുന്നു ഉത്തപ്പ റണ്ണടിച്ചുകൂട്ടിയത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ മഹാരാജാസ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഏഷ്യ ലയണ്‍സിനായി ഉപുല്‍ തരംഗയും ദില്‍ഷനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഒന്നാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് കെട്ടിപ്പൊക്കിയത്. 27 പന്തില്‍ നിന്നും 32 റണ്‍സ് നേടിയ ദില്‍ഷന്റെ വിക്കറ്റാണ് ലയണ്‍സിന് ആദ്യം നഷ്ടമായത്. സ്റ്റുവര്‍ട്ട് ബിന്നിയാണ് മഹാരാജാസിനാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്.

ടോപ് ഓര്‍ഡറില്‍ ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖടക്കം പരാജയമായപ്പോള്‍ മിഡില്‍ ഓര്‍ഡറാണ് ടീമിനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. അസ്ഗര്‍ അഫ്ഗാനും അബ്ദുള്‍ റസാഖും തങ്ങളുടെ സംഭാവന നല്‍കിയപ്പോള്‍ ലയണ്‍സ് 157ന് ആറ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മഹാരാജാസ് 12.3 ഓവറില്‍ വിജയം കണ്ടു. ടൂര്‍ണമെന്റില്‍ മഹരാജാസിന്റെ ആദ്യ വിജയമാണിത്.

മൂന്ന് മത്സരത്തില്‍ രണ്ട് വിജയം നേടിയ ഏഷ്യ ലയണ്‍സാണ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമത്. മൂന്ന് മത്സരത്തില്‍ രണ്ട് തോല്‍വിയും ഒരു ജയവുമായി മഹാരാജാസ് രണ്ടാമതും രണ്ട് മത്സരത്തില്‍ നിന്നും ഒരു തോല്‍വിയും ഒരു ജയവുമായി വേള്‍ഡ് ജയന്റ്‌സ് മൂന്നാമതുമാണ്.

Content highlight: Robin Uthappa’s incredible batting performance in LLC

We use cookies to give you the best possible experience. Learn more