| Saturday, 29th July 2023, 7:51 am

6 സിക്‌സര്‍, 8 ഫോര്‍, 36 പന്തില്‍ 244.44ല്‍ 88; എന്തിനാടാ ചക്കരേ നീ ഐ.പി.എല്ലില്‍ നിന്ന് വിരമിച്ചത്

സ്പോര്‍ട്സ് ഡെസ്‌ക്

സിം ആഫ്രോ ടി-10 ലീഗില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പയുടെ ബാറ്റിങ് കരുത്തില്‍ വിജയം പിടിച്ചടക്കി ഹരാരെ ഹറികെയ്ന്‍സ്. കേപ് ടൗണ്‍ സാംപ് ആര്‍മിക്കെതിരായ മത്സരത്തിലാണ് ഉത്തപ്പ വെടിക്കെട്ട് പ്രകടനം പുറത്തെടുത്തത്.

ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഹരാരെ ഫീല്‍ഡിങ് തരെഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേപ് ടൗണ്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. അഫ്ഗാന്‍ സൂപ്പര്‍ താരം റഹ്‌മാനുള്ള ഗുര്‍ബാസിന്റെ അര്‍ധ സെഞ്ച്വറിയുടെ കുത്തിലാണ് കേപ് ടൗണ്‍ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

53 മിനിട്ട് ക്രീസില്‍ നിന്ന് 26 പന്തില്‍ നിന്നും പുറത്താകാതെ 62 റണ്‍സാണ് താരം നേടിയത്. നാല് ബൗണ്ടറിയും ആറ് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിങ്‌സ്. 238.46 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്ണടിച്ചുകൂട്ടിയത്.

പിന്നാലെയെത്തിയ ഭാനുക രാജപക്‌സെയും കരീം ജനത്തും സീന്‍ വില്യംസും സ്‌കോറിലേക്ക് സംഭാവന ചെയ്തതോടെ സ്‌കോര്‍ ഉയര്‍ന്നു. രാജപക്‌സെ 11 പന്തില്‍ 25 റണ്‍സടിച്ചപ്പോള്‍ ജനത് പത്ത് പന്തില്‍ 24 റണ്‍സും സീന്‍ വില്യംസ് 12 പന്തില്‍ 28 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റിന് 145 റണ്‍സാണ് സാംപ് ആര്‍മി നേടിയത്.

60 പന്തില്‍ 146 റണ്‍സ് എന്ന വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഹറികെയ്ന്‍സിനായി ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ ഉത്തപ്പ ആഞ്ഞടിച്ചു. ക്യാപ്റ്റന്റെ റോളും ഏറ്റെടുത്ത മത്സരത്തില്‍ ഉത്തപ്പ ക്യാപ്റ്റന്‍സ് ഇന്നിങ്‌സ് തന്നെ പുറത്തെടുത്തു.

50 മിനിട്ട് ക്രീസില്‍ ചെലവഴിച്ച് 36 പന്തില്‍ എട്ട് ബൗണ്ടറിയുടെയും ആറ് സിക്‌സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 88 റണ്‍സാണ് ഉത്തപ്പ നേടിയത്. കയ്യില്‍ കിട്ടിയ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്താണ് താരം മുന്നേറിയത്. 244.44 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയിലായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട്.

ഉത്തപ്പക്ക് കൂട്ടായി ഡോണോവാന്‍ ഫെരേരയും തകര്‍ത്തടിച്ചിരുന്നു. 16 പന്തില്‍ ഒരു ബൗണ്ടറിയും നാല് സിക്‌സറും അടക്കം പുറത്താകാതെ 35 റണ്‍സാണ് താരം നേടിയത്.

കേപ് ടൗണ്‍ ബൗളര്‍മാരെ ഒന്നൊഴിയാതെ ഹരാരെ ബാറ്റര്‍മാര്‍ അടിച്ചു പതം വരുത്തിയിരുന്നു. ആറ് പന്തില്‍ 12 റണ്‍സ് നേടി പുറത്തായ എവിന്‍ ലൂയീസും ഔട്ടാകുന്നതിന് മുമ്പ് ഒരു ബൗണ്ടറിയും സിക്‌സറും സ്വന്തമാക്കിയിരുന്നു.

10.50 എക്കോണമിയില്‍ പന്തെറിഞ്ഞ റിച്ചാര്‍ഡ് എന്‍ഗരാവയോട് മാത്രമാണ് ഹരാരെ ഇത്തിരിയെങ്കിലും ബഹുമാനം കാണിച്ചത്. ഹരാരെ നിരയില്‍ ആകെ വീണ ഒരു വിക്കറ്റ് വീഴ്ത്തിയതും എന്‍ഗരാവ തന്നെയാണ്.

ഒടുവില്‍ നാല് പന്തും ഒമ്പത് വിക്കറ്റും കയ്യിലിരിക്കെ ഹരാരെ വിജയം സ്വന്തമാക്കുകയായിരുന്നു.

എലിമിനേറ്ററിലെ ഈ വിജയത്തിന് പിന്നാലെ രണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടാനും ഹരാരെക്കായി. എന്നാല്‍ ഇന്നലെ തന്നെ നടന്ന രണ്ടാം ക്വാളിഫയറില്‍ ഡര്‍ബനോട് തോറ്റ ഹരാരെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയായിരുന്നു.

ജൂലൈ 29നാണ് പ്രഥമ സിം ആഫ്രോ ടി-10 ലീഗിന്റെ ഫൈനല്‍ മത്സരം അരങ്ങേറുന്നത്. ജോര്‍ബെര്‍ഗ് ബഫലോസും ഡര്‍ബന്‍ ഖലന്ദേഴ്‌സുമാണ് കലാശപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്.

Content Highlight: Robin Uthappa’s brilliant batting performance in Zim Afro T10 League

We use cookies to give you the best possible experience. Learn more