അവർ നടന്നുപോയപ്പോൾ എനിക്ക് സച്ചിനെയും ഗാംഗുലിയെയും ഓർമവന്നു: റോബിൻ ഉത്തപ്പ
Cricket
അവർ നടന്നുപോയപ്പോൾ എനിക്ക് സച്ചിനെയും ഗാംഗുലിയെയും ഓർമവന്നു: റോബിൻ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 31st July 2024, 1:18 pm

ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്ലിനെയും യശ്വസി ജെയ്സ്വളിനെയും പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ഗില്ലും ജെയ്സ്വാളും ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയും മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെയും ഓര്‍മ്മിപ്പിക്കുന്നു എന്നാണ് ഉത്തപ്പ പറഞ്ഞത്. സോണി സ്‌പോര്‍ട്‌സ് നെറ്റ് വർക്കിലൂടെ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

‘ഞാന്‍ ഗില്ലിനെയും ജെയ്സ്വാളിനെയും കണ്ടു. സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും പണ്ട് ഗ്രൗണ്ടില്‍ നിന്നും ഒരുമിച്ച് പുറത്തേക്ക് പോകുന്നതു പോലെയാണ് അവരെ കണ്ടപ്പോള്‍ എനിക്ക് ഓര്‍മ വന്നത്. അവര്‍ തമ്മില്‍ പ്രശംസിക്കുകയും കളിക്കളത്തില്‍ ഒരുമിച്ച് പ്ലാനിങ് നടത്തുന്നതും ഞാന്‍ കണ്ടു. അതുകൊണ്ടുതന്നെ ഇരുവരും ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ പണ്ട് സച്ചിനും ഗാംഗുലിയും പോവുന്ന പോലെയാണ് എനിക്ക് തോന്നിയത്,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

ഗില്ലും ജെയ്‌സ്വാളും ചേര്‍ന്ന് ഒമ്പത് മത്സരങ്ങളിലാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ഇതില്‍ രണ്ട് തവണ 100 റണ്‍സിന്റെ കൂട്ടുകെട്ടും ഒരു അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 64.50 ആവറേജില്‍ 516 റണ്‍സ് ആണ് ഇരു താരങ്ങളും ചേര്‍ന്ന് ഇന്ത്യയുടെ ഓപ്പണിങ്ങില്‍ അടിച്ചെടുത്തത്.

അതേസമയം ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആയിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്താല്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സായിരുന്നു നേടിയിരുന്നത്.

എന്നാല്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയും ഇതേ സ്‌കോറില്‍ സമനില നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്ക് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് നേടാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങില്‍ ആദ്യ പന്തില്‍ തന്നെ ഫോര്‍ നേടിക്കൊണ്ട് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നില്‍ ഉള്ളത് മൂന്ന് ഏകദിന മത്സരങ്ങളളുടെ പരമ്പരയാണ്. ഓഗസ്റ്റ് മൂന്ന് മുതല്‍ ഓഗസ്റ്റ് ഏഴ് വരെയാണ് മത്സരം നടക്കുക.

 

Content Highlight: Robin Uthappa Praises Shubhman Gill and Yashasvi Jaiswal