സഞ്ജുവും രാജസ്ഥാനും കളിക്കളത്തിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണത്: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
Cricket
സഞ്ജുവും രാജസ്ഥാനും കളിക്കളത്തിൽ കാണിച്ച ഏറ്റവും വലിയ മണ്ടത്തരമാണത്: രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 1:32 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് അഞ്ചാം വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 19.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ്ങില്‍ ഇന്ത്യന്‍ താരം തനുഷ് കൊട്ടിയാന്‍ ആയിരുന്നു ഇറങ്ങിയിരുന്നത്. ഇന്ത്യന്‍ താരത്തിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ട് സൂപ്പര്‍താരം ജോസ് ബട്ലര്‍ ഇല്ലാതെ ആയിരുന്നു രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബിനെതിരെ കളത്തില്‍ ഇറങ്ങിയത്.

ബട്‌ലറിനു പകരം കൊട്ടിയന്‍ ആയിരുന്നു രാജസ്ഥാന്റെ ഓപ്പണിങ്ങില്‍ ഇറങ്ങിയത്. 31 പന്തില്‍ 24 റണ്‍സാണ് തനുഷ് നേടിയത്. മൂന്ന് ഫോറുകള്‍ ആയിരുന്നു താരം നേടിയത്. 77.41 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. ഏവരെയും അമ്പരിപ്പിച്ചുകൊണ്ടായിരുന്നു രാജസ്ഥാന്‍ തനുഷിനെ ഓപ്പണിങ് ഇറക്കിയത്.

ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ഈ തീരുമാനത്തിനെതിരെ പ്രതികരണവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ജിയോ സിനിമയിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘രാജസ്ഥാന്‍ റോയല്‍സിന് ഈ മത്സരത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എല്ലാ സീസണുകളിലും അവര്‍ ഇത്തരത്തില്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നു. അവര്‍ കളിക്കളത്തില്‍ ഇത്തരം വിഡ്ഢിത്തങ്ങള്‍ കാണിക്കാതിരുന്നാല്‍ രാജസ്ഥാന്‍ പോയിന്റ് പട്ടികയുടെ മുകളില്‍ എത്തും. എന്നാല്‍ എല്ലാ സീസണിലും അവര്‍ ഇത്തരത്തില്‍ മത്സരങ്ങളില്‍ ഓരോ അബദ്ധങ്ങള്‍ കാണിക്കുന്നു.

തനുഷ് കൊട്ടിയന്‍ ഓപ്പണിങ് ഇറങ്ങിയത് കണ്ടപ്പോള്‍ കമന്ററി ബോക്‌സില്‍ നിന്നും ഞാന്‍ അമ്പരന്നു പോവുകയാണ് ചെയ്തത്. എന്താണ് ഇതിലുള്ള യുക്തി എന്ന് എനിക്ക് മനസ്സിലാകുന്നില്ല,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

രാജസ്ഥാന്‍ ബാറ്റിങ്ങില്‍ യശ്വസി ജെയ്‌സ്വാള്‍ 28 പന്തില്‍ 39 റണ്‍സ് നേടി നിര്‍ണായകമായി. അവസാന ഓവറുകളില്‍ വന്ന് തകര്‍ത്തടിച്ച വെസ്റ്റ് ഇന്‍ഡീസ് താരം ഷിര്‍മോണ്‍ ഹെറ്റ്മെയര്‍ ആണ് രാജസ്ഥാനെ വിജയത്തില്‍ എത്തിച്ചത്. 270 സ്ട്രൈക്ക് റേറ്റില്‍ ഒരു ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 10 പന്തില്‍ നിന്നും 27 റണ്‍സുമായാണ് വിന്‍ഡീസ് താരം നിര്‍ണായകമായത്.

ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 10 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 16ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. കെ.കെ.ആറിന്റെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍ ആണ് വേദി.

Content Highlight: Robin Uthappa criticize Rajasthan Royals