ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ട്വന്റി-20 മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യ രണ്ട് മത്സരം തോറ്റ ഇന്ത്യക്ക് ഈ മത്സരം വിജയിക്കുന്നത് അനിവാര്യമായിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ അര്‍ധസെഞ്ച്വറിയുടെ ബലത്തില്‍ മികച്ച നിലയിലാണ്.
കഴിഞ്ഞ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ മുന്‍ ഇന്ത്യന്‍ താരമായ റോബിന്‍ ഉത്തപ്പ വിമര്‍ശിച്ചിരുന്നു. പതിനാറാം ഓവറില്‍ മികച്ച പ്രകടനം നടത്തിയ യുസ്വേന്ദ്ര ചഹലിന് പിന്നീട് ഓവര്‍ നല്‍കാത്തതായിരുന്നു ഉത്തപ്പ വിമര്‍ശിച്ചത്. എം.എസ്. ധോണിക്ക് വരെ അബദ്ധം പറ്റാറുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഹര്‍ദിക്ക് ഒരു പ്രൊഗ്രസീവ് രീതിയിലാണ് ക്യാപ്റ്റന്‍സിയെ കാണുന്നതെന്നും ഉത്തപ്പ പറഞ്ഞു. ജിയോ സിനിമയില്‍ സംസാരിക്കുകയായിരുന്നു താരം.
‘തെറ്റ് പറ്റുന്നത് മനുഷ്യ സഹജമാണ്. അവന്‍ ചില തെറ്റുകള്‍ വരുത്തും. എം.എസ്. ധോണിയെപ്പോലുള്ള ഒരാള്‍ പോലും തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. അദ്ദേഹം രാജ്യത്തെ നയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഡിസിഷന്‍ എടുക്കുമ്പോള്‍ പിഴവുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്യാപ്റ്റന്‍സിയെ പുരോഗമനപരമായ വീക്ഷണകോണില്‍ നിന്ന് നോക്കുന്ന ആളാണ് ഹാര്‍ദിക്,’ ഉത്തപ്പ പറഞ്ഞു.
രണ്ടാം മത്സരത്തില്‍ 16ാം ഓവറില്‍ ഒരു റണ്ണൗട്ടുള്‍പ്പടെ മൂന്ന് വിക്കറ്റ് നേടി മത്സരത്തിന്റെ ഒഴുക്ക് തന്നെ മാറ്റിയ ചഹലിന് അടുത്ത ഓവര്‍ കൊടുക്കാതിരുന്നത് തന്നെ ഞെട്ടിച്ചുവെന്ന് ഉത്തപ്പ കഴിഞ്ഞ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു. ഇന്ത്യ തോക്കുമ്പോള്‍ ചഹലിന് ഒരു ഓവര്‍ കൂടെ ബാക്കിയുണ്ടായിരുന്നു എന്നുള്ളത് മറ്റൊരു കാര്യം.