സച്ചിന്റെ സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ത്താലും വിരാടിന്റെ ശ്രദ്ധ മറ്റൊന്നിലാകും: റോബിന്‍ ഉത്തപ്പ
Sports News
സച്ചിന്റെ സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ത്താലും വിരാടിന്റെ ശ്രദ്ധ മറ്റൊന്നിലാകും: റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 15th August 2023, 3:24 pm

 

റെക്കോഡുകള്‍ നേടുന്നതിനേക്കാളും തകര്‍ക്കുന്നതിനേക്കാളും വിരാട് കോഹ്‌ലി പ്രാധാന്യം കല്‍പിക്കുന്നത് ഇന്ത്യന്‍ ടീമിന്റെ വിജയത്തിനാണെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ.

ഇനിയൊരുപക്ഷേ ലോകകപ്പിനിടയിലോ ഏഷ്യാ കപ്പിനിടയിലോ സച്ചിന്റെ ഏകദിന സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കുകയാണെങ്കിലും അദ്ദേഹം പ്രാധാന്യം നല്‍കുന്നത് ഇന്ത്യന്‍ ടീമിന്റെ വിജയത്തിന് മാത്രമായിരിക്കുമെന്നും ഉത്തപ്പ പറഞ്ഞു.

 

 

ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വിരാട് റെക്കോഡ് തകര്‍ത്തുന്നതിനെ കുറിച്ചൊന്നും കാര്യമാക്കുന്നേയില്ല. ആ സെഞ്ച്വറി നേട്ടങ്ങളെക്കാളും ഇന്ത്യയുടെ വിജയത്തിനാണ് അദ്ദേഹം പരിഗണന നല്‍കുന്നത്.

ഏഷ്യാ കപ്പിലും ലോകകപ്പിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുക എന്നത് മാത്രമാണ് അദ്ദേഹം ചിന്തിക്കുന്നത്. അദ്ദേഹം റെക്കോഡുകളെ കുറിച്ചൊന്നും തന്നെ ചിന്തിക്കുന്നില്ല.

ഏഷ്യാ കപ്പിനിടയിലോ ലോകകപ്പിനിടയിലോ അതുമല്ലെങ്കില്‍ അവന്റെ കരിയറിന്റെ മറ്റേതെങ്കിലും ഘട്ടത്തിലോ ആ നാഴികക്കല്ല് പിന്നിട്ടാലും (സച്ചിന്റെ ഏകദിന സെഞ്ച്വറിയുടെ റെക്കോഡ്) അതൊന്നും അവന്‍ കണക്കിലെടുക്കണമെന്നില്ല. കാരണം അവന്റെ ഏക ശ്രദ്ധ ഇന്ത്യയുടെ വിജയത്തില്‍ മാത്രമാണ്, അല്ലാതെ ആ സെഞ്ച്വറി നേട്ടങ്ങളിലല്ല,’ ഉത്തപ്പ പറഞ്ഞു.

 

ഏകദിനത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന് 49 സെഞ്ച്വറികളാണുള്ളത്. മൂന്ന് സെഞ്ച്വറികള്‍ കൂടി നേടിയാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള വിരാടിന് സച്ചിനൊപ്പമെത്താനും മറ്റൊരു സെഞ്ച്വറി കൂടി നേടിയാല്‍ അദ്ദേഹത്തെ മറികടക്കാനും സാധിക്കും.

275 മത്സരത്തിലെ 265 ഇന്നിങ്‌സില്‍ നിന്നുമാണ് വിരാട് 46 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 183 ആണ്.

 

ഇതിന് പുറമെ സച്ചിന്റെ നൂറ് സെഞ്ച്വറിയുടെ റെക്കോഡ് തകര്‍ക്കാന്‍ സാധ്യത കല്‍പിക്കുന്നതും വിരാട് കോഹ്‌ലിയെ തന്നെയാണ്. നിലവില്‍ 76 സെഞ്ച്വറികളാണ് വിരാടിന്റെ പേരിലുള്ളത്. ഏകദിന ഫോര്‍മാറ്റില്‍ 46 സെഞ്ച്വറി നേടിയ വിരാട് ടെസ്റ്റ് ഫോര്‍മാറ്റില്‍ 29 സെഞ്ച്വറിയും ടി-20യില്‍ ഒരു സെഞ്ച്വറിയും നേടിയിട്ടുണ്ട്.

 

 

Content Highlight: Robin Uthappa about Virat Kohli