| Saturday, 2nd July 2022, 10:45 pm

നീ വന്നത് നന്നായി അല്ലെങ്കില്‍ ഞാന്‍ ഒറ്റപ്പെട്ടുപോയേനെ... മോശം റെക്കോഡ് നേടിയ ബ്രോഡിന് ആശംസയുമായി നാണക്കേടിന്റെ ആശാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെസ്റ്റ് ക്രിക്കറ്റില് ഏറ്റവുമധികം റണ്‍സ് വഴങ്ങിയതിന്റെ മോശം റെക്കോഡ് നേടിയതിന് പിന്നാലെ സ്റ്റുവര്‍ട്ട് ബ്രോഡിനെ ‘അഭിനന്ദിച്ച്’ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം റോബിന്‍ പാറ്റേഴ്‌സണ്‍. ഇത്രയും നാള്‍ തന്റെ പേരിലായിരുന്ന മോശം റെക്കോഡ് കരസ്ഥമാക്കിയതിനാണ് താരം ബ്രോഡിനെ അഭിനന്ദിച്ചത്.

തന്റെ റെക്കോഡ് തകര്‍ന്നതില്‍ തനിക്ക് വിഷമമുണ്ടെന്നും റെക്കോഡുകള്‍ തകര്‍പ്പെടാനുള്ളതാണെന്നുമായിരുന്നു പാറ്റേഴ്‌സന്റെ കമന്റ്. ട്വിറ്ററിലൂടെയായിരുന്നു താരം ഒരേ സമയം ബ്രോഡിനെ കളിയാക്കിയും അഭിനന്ദിച്ചും രംഗത്തെത്തിയത്.

2003ലായിരുന്നു ആര്‍ക്കും വേണ്ടാത്ത മോശം റെക്കോഡ് പാറ്റേഴ്‌സണ്‍ തന്റെ പേരിലാക്കിയത്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയായിരുന്നു അന്ന് പാറ്റേഴ്‌സണെ വലിച്ചു കീറിയത്.

ജോഹാനാസ്‌ബെര്‍ഗില്‍ വെച്ച് നടന്ന വെസ്റ്റ് ഇന്‍ഡീസ് -ദക്ഷിണാഫ്രിക്ക പരമ്പരയ്ക്കിടെ പാറ്റേഴ്‌സന്റെ ഒരോവറില്‍ 28 റണ്‍സായിരുന്നു ലാറ അടിച്ചെടുത്തത്.

2013ല്‍ ഈ റെക്കോഡിന് മറ്റൊരു അവകാശിയുമെത്തിയിരുന്നു. ഇംഗ്ലണ്ട് കണ്ട എക്കാലത്തേയും മികച്ച പേസറായ ജെയിംസ് ആന്‍ഡേഴ്‌സണും ഒരോവറില്‍ 28 റണ്‍സ് വഴങ്ങിയിരുന്നു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ജോര്‍ജ് ബെയ്‌ലിയായിരുന്നു ആന്‍ഡേഴസണെ പഞ്ഞിക്കിട്ടത്.

ഇരുവരും കുത്തകയാക്കി കൊണ്ടുനടന്ന റെക്കോഡിനാണ് ഇപ്പോള്‍ പുതിയ അവകാശിയെത്തിയത്. ഒരോവറില്‍ 35 റണ്‍സ് വഴങ്ങി സ്റ്റുവര്‍ട്ട് ബ്രോഡിനാണ് നാണക്കേടിന്റെ പാപഭാരം ചുമക്കേണ്ടി വന്നത്.

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യന്‍ നായകനും വാലറ്റക്കാരനുമായ ബുംറയാണ് ബ്രോഡിനെ തലങ്ങും വിലങ്ങും തല്ലിയത്. പാറ്റേഴ്‌സണെയും ആര്‍ഡേഴ്‌സണേയും പഞ്ഞിക്കിട്ടത് ഒരു പ്രോപ്പര്‍ ബാറ്ററായിരുന്നു. എന്നാല്‍ ഒരു ബൗളറുടെ കയ്യില്‍ നിന്നുമാണ് ബ്രോഡിന് ഇങ്ങനെ നാണം കെടേണ്ടിവന്നത്.

ബുംറയുടെ വെടിക്കെട്ട് ഇന്നിങ്സാണ് ഇന്ത്യയെ 400 കടത്തിയത്. നേരത്തെ റിഷബ് പന്തിന്റെയും ജഡേജയുടെയും സെഞ്ച്വറിയായിരുന്നു ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒടുവില്‍ എല്ലാ വിക്കറ്റും നഷ്ടമാവുമ്പോള്‍ ഇന്ത്യ 416 റണ്‍സാണ് സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ആന്‍ഡേഴ്സണ്‍ 60 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. മാത്യു പോട്‌സ് രണ്ട് വിക്കറ്റും സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 6.3 ഓവറില്‍ 31ന് രണ്ട് എന്ന നിലയില്‍ നില്‍ക്കവെ മഴകാരണം മാച്ച് തടസ്സപ്പെടുകയായിരുന്നു. ഓപ്പണര്‍മാരായ അലക്സ് ലീസിന്റെയും സാക്ക് ക്രോളിയുടെയും വിക്കറ്റുകളായിരുന്നു അപ്പോള്‍ ആതിഥേയര്‍ക്ക് നഷ്ടമായത്.

മഴ മാറി മത്സരം പുനരാരംഭിച്ചിരുന്നുവെങ്കിലും വീണ്ടും മഴയെത്തിയതോടെ സെഷന്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇഗ്ലണ്ട് 60 റണ്‍സില്‍ മൂന്ന് വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവയായിരുന്നു കളി സസ്‌പെന്‍ഡ് ചെയ്തത്.

ടീമിന്റെ മുന്‍നിര ബാറ്റര്‍മാരല്ലാം തന്നെ ഒന്നിന് പിറകെ ഒന്നായി കൂടാരം കയറിയിരുന്നു. അലക്‌സ് ലീസ് (6), സാക്ക് ക്രോളി (9) ഒലി പോപ്പ് (10) എന്നിവരാണ് മടങ്ങിയത്. മൂന്ന് പേരെ പുറത്താക്കിയത് ക്യാപ്റ്റന്‍ ബുംറയാണ്.

Content Highlight:Robin Peterson mocks Stuart Broad after England pacer breaks his most expensive over in Test record

We use cookies to give you the best possible experience. Learn more