ആടുജീവിതത്തിൽ ആട് നജീബിന്റെ അടുത്തേക്ക് വരുന്ന സീൻ എടുക്കാൻ ഒരുപാട് സമയമെടുത്തെന്ന് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റോബിൻ ജോർജ്. ആ സീൻ എടുക്കാൻ ബുദ്ധിമുട്ടിയോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഒന്നാമത് അതൊരു ചെറിയ ആടാണെന്നും അത് പൃഥ്വിരാജിന്റെ അടുത്തേക്ക് വരുന്ന ഷോട്ട് ആണ് എടുക്കേണ്ടതെന്നും റോബിൻ പറയുന്നുണ്ട്. തങ്ങൾ കുബ്ബൂസ് കാണിച്ചാണ് ആടിന്റെ ഷോട്ട് എടുത്തതെന്നും റോബിൻ കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അതിന് ഒരുപാട് സമയമെടുത്തു. എനിക്ക് തോന്നുന്നു 35 ടേക്കോളം പോയിരുന്നു. ഒന്നാമത്തെത് അത് ഒരു കുഞ്ഞാട് ആണ്. ആട് ഒരു പൊസിഷനിൽ നിന്ന് രാജുവിന്റെ അടുത്തേക്ക് വരണം. ചില സമയത്ത് ആട് നടന്നു വന്നിട്ട് അവിടെ നിൽക്കും. ചിലപ്പോൾ തിരിച്ചു പോകും .ഇതെല്ലാം ചെയ്തു.
അവസാനമാണ് അവിടെ വരെ എത്തുന്ന ടേക്ക് കിട്ടിയത്. പിന്നെ അവിടുന്ന് മുകളിലേക്ക് നോക്കുന്നത് എടുത്തു. ഇതിൽ കുബ്ബൂസ് ആയിരുന്നു മെയിൻ. കുബ്ബൂസ് കാണിച്ചാണ് നമ്മൾ ഇവരിൽ നിന്ന് ആ ഷോട്ട് എടുത്തത്,’ റോബിൻ പറയുന്നു.
ആടിനെയും ഒട്ടകത്തെയും അഭിനയിപ്പിച്ചതിന്റെ അനുഭവവും റോബിൻ അഭിമുഖത്തിൽ പറയുന്നുണ്ട്.’ആടിനെയും ഒട്ടകത്തിനെയും അഭിനയിപ്പിക്കാൻ നല്ല പാടായിരുന്നു. നോർമൽ അനിമൽ പോലെയല്ല, ട്രെയിൻ ആവാത്ത ഒരു അനിമൽ ആണ് പ്രത്യേകിച്ചും ആടുകൾ. അവിടെ എത്തിയതിനുശേഷം ആണ് അവിടെയുള്ള ആട്ടിടയന്മാരുടെ കാര്യങ്ങളൊക്കെ ഞങ്ങളും പഠിച്ചു. അവർ ആടിനെ വിളിക്കാൻ ചില നോയിസ് ഉണ്ടാക്കും.
ഇതെല്ലാം പഠിച്ചു. കുബ്ബൂസ് എല്ലാം കൊടുത്താണ് ഞങ്ങൾ അത് ചെയ്തത്. നജീബിന്റെയും ഹക്കീമിന്റെയും റിയാക്ഷൻ ഇട്ടു കഴിഞ്ഞാൽ ഒരു ആടിന്റെ റിയാക്ഷൻ എടുക്കാം എന്ന് ബ്ലെസി സാർ പറയും. അപ്പോൾ ആ റിയാക്ഷൻ കൊടുക്കണം. അപ്പോൾ ഞങ്ങൾ ഇരുന്നു ആലോചിക്കുകയാണ് എങ്ങനെ റിയാക്ഷൻ കൊടുക്കും എന്ന്. ഇതിനൊരു പ്രൊഫഷണൽ ട്രെയിനർ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ വേണമെങ്കിൽ ആടിനെ ഞങ്ങൾക്ക് മാനേജ് ചെയ്യാം,’ റോബിൻ ജോർജ് പറഞ്ഞു.
Content Highlight: Robin george about how they treat the goats