| Saturday, 30th March 2024, 10:11 pm

ആടിനെയും ഒട്ടകത്തിനെയും അഭിനയിപ്പിക്കാൻ നല്ല പാടായിരുന്നു; അതെല്ലാം അവിടെനിന്നാണ് പഠിച്ചത്: റോബിൻ ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾ ഏവരും ഒരുപോലെ കാത്തിരുന്ന ചിത്രമായിരുന്നു ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി സംവിധായകൻ ബ്ലെസി ഒരുക്കിയ ചലച്ചിത്രാവിഷ്കാരമാണ് ആടുജീവിതം.

തിയേറ്ററിൽ എത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നജീബായി വേഷമിട്ട പൃഥ്വിരാജിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസാണ് ആടുജീവിതത്തിലുള്ളത്.

ആടുജീവിതത്തിൽ ഒട്ടകത്തിനെയും ആടിനെയും അഭിനയിപ്പിക്കാൻ നല്ല ബുദ്ധിമുട്ടായിരുന്നെന്ന് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റോബിൻ ജോർജ്. ആട് സാധാരണ ജീവിയെ പോലെ അല്ലെന്നും ട്രെയിൻ ആവാത്ത ഒരു അനിമൽ ആണെന്നും റോബിൻ പറഞ്ഞു. മരുഭൂമിയിലെ ആട്ടിടയന്മാർ ചില നോയിസ് ഉണ്ടാക്കിയാണ് വിളിക്കുന്നതെന്നും റോബിൻ പറയുന്നുണ്ട്. അങ്ങനെ തങ്ങൾ ആട്ടിടയന്മാരുടെ പരിപാടികളൊക്കെ പഠിച്ചെന്നും റോബിൻ പറയുന്നു.

നജീബിന്റെയും ഹക്കീമിന്റെയും റിയാക്ഷൻ ഇട്ടു കഴിഞ്ഞാൽ ബ്ലെസി ആടിന്റെ റിയാക്ഷൻ വേണമെന്ന് പറയുമെന്നും റോബിൻ കൂട്ടിച്ചേർത്തു. ആടിനെ നോക്കാൻ പ്രൊഫഷണൽ ട്രെയിനർ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ വേണമെങ്കിൽ ആടിനെ തങ്ങൾക്ക് മാനേജ് ചെയ്യാമെന്നും റോബിൻ പറയുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആടിനെയും ഒട്ടകത്തിനെയും അഭിനയിപ്പിക്കാൻ നല്ല പാടായിരുന്നു. നോർമൽ അനിമൽ പോലെയല്ല, ട്രെയിൻ ആവാത്ത ഒരു അനിമൽ ആണ് പ്രത്യേകിച്ചും ആടുകൾ. അവിടെ എത്തിയതിനുശേഷം ആണ് അവിടെയുള്ള ആട്ടിടയന്മാരുടെ കാര്യങ്ങളൊക്കെ ഞങ്ങളും പഠിച്ചു. അവർ ആടിനെ വിളിക്കാൻ ചില നോയിസ് ഉണ്ടാക്കും.

ഇതെല്ലാം പഠിച്ചു. കുബ്ബൂസ് എല്ലാം കൊടുത്താണ് ഞങ്ങൾ അത് ചെയ്തത്. നജീബിന്റെയും ഹക്കീമിന്റെയും റിയാക്ഷൻ ഇട്ടു കഴിഞ്ഞാൽ ഒരു ആടിന്റെ റിയാക്ഷൻ എടുക്കാം എന്ന് ബ്ലെസി സാർ പറയും. അപ്പോൾ ആ റിയാക്ഷൻ കൊടുക്കണം. അപ്പോൾ ഞങ്ങൾ ഇരുന്നു ആലോചിക്കുകയാണ് എങ്ങനെ റിയാക്ഷൻ കൊടുക്കും എന്ന്. ഇതിനൊരു പ്രൊഫഷണൽ ട്രെയിനർ ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ വേണമെങ്കിൽ ആടിനെ ഞങ്ങൾക്ക് മാനേജ് ചെയ്യാം,’ റോബിൻ ജോർജ് പറഞ്ഞു.

Content Highlight: Robin george about how he manage goats

We use cookies to give you the best possible experience. Learn more