| Saturday, 30th March 2024, 4:48 pm

എനിക്കത് കിട്ടിയേ തീരൂ, എങ്ങനെ വേണമെങ്കിലും എടുത്തോ; ഇതാണ് ബ്ലെസി സാറിന്റെ രീതി: റോബിൻ ജോർജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ഒട്ടകത്തിന്റെ കണ്ണിൽ പൃഥ്വിരാജിന്റെ റിഫ്ലക്ഷൻ കാണുന്ന സീൻ എടുത്തപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ റോബിൻ ജോർജ്.

ഒട്ടകങ്ങളെ കുറച്ച് പേടിയായിരുന്നെന്നും അത് കടിക്കുകയും ഉപദ്രവിക്കുകയും ചവിട്ടുകയൊക്കെ ചെയ്യുമെന്നും എന്നാൽ തങ്ങൾക്ക് ഷോട്ട് കിട്ടാതെ വരുമ്പോൾ എല്ലാം മറക്കുമെന്നും റോബിൻ പറഞ്ഞു. കണ്ണിലെ ഷോട്ട് എടുക്കാൻ വേണ്ടി ഒരുപാട് സമയം എടുത്തെന്നും ഒട്ടകത്തിന്റെ മുകളിൽ താൻ കയറി ഇരുന്നാണ് അത് എടുത്തതെന്നും റോബിൻ കൂട്ടിച്ചേർത്തു. ബ്ലെസിക്ക് ഒരു ഷോട്ട് വേണം എന്നുണ്ടെങ്കിൽ അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും റോബിൻ പറയുന്നുണ്ട്. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒട്ടകങ്ങളെ നമുക്ക് കുറച്ച് പേടിയായിരുന്നു. ഒട്ടകം കടിക്കും ഉപദ്രവിക്കും ചവിട്ടുകയുമൊക്കെ ചെയ്യും. നമുക്ക് ഷോട്ട് കിട്ടാതെ വരുമ്പോൾ ഇതൊക്കെ മറക്കും.അതിനിടയിൽ ഒക്കെ നമ്മൾ അവിടെ നോക്കിപ്പിടിച്ച് ഒതുക്കി നിർത്തി. കണ്ണിലെ ഷോട്ട് ഒക്കെ എടുക്കാൻ വേണ്ടി ഒരുപാട് ടൈം സ്പെൻഡ് ചെയ്തിട്ടുണ്ട്.

ആ ഷോട്ട് എടുക്കാൻ നേരത്ത് രാജുവിന് റിഫ്ലക്ഷൻ കിട്ടാൻ വേണ്ടി ഒട്ടകത്തിനെ ഇരുത്തുകയായിരുന്നു. ഒട്ടകത്തിന്റെ മേലിൽ ഞാൻ കയറി ഇരിക്കുന്നുണ്ട്. ഒട്ടകം അവിടുന്ന് എണീറ്റ് പോകരുത്. അതിന്റെ മുകളിൽ കയറിയിരുന്നിട്ട് ഹെഡ് എല്ലാം ഹോൾഡ് ചെയ്ത് വെച്ചിട്ട് ആ ഷോട്ട് എടുക്കുന്നത്. ആദ്യമൊക്കെ പേടിയായിരുന്നു. ഒട്ടകം എണീറ്റു പോകുമെന്ന പേടി ഉണ്ടായിരുന്നു.

പിന്നെ ഷോട്ട് ആണല്ലോ പ്രധാനം, അതെടുക്കാം എന്ന് കരുതി. അങ്ങനെയായിരുന്നു അത് എടുത്തത്. ബ്ലെസി സാർക്ക് ഒരു ഷോട്ട് വേണം എന്നുവെച്ചാൽ വേണം. അതിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. എങ്ങനെ വേണമെങ്കിലും എടുത്തോ? എനിക്ക് വേണം എന്നാണ് ബ്ലെസി സാർ പറയുക,’ റോബിൻ ജോർജ് പറഞ്ഞു.

Content Highlight: Robin george about Blessy’s attitude towards direction

We use cookies to give you the best possible experience. Learn more