| Friday, 29th March 2019, 1:25 pm

ശശി തരൂരിന് മീന്‍മണം ഓക്കാനമുണ്ടാക്കുമത്രേ!!!

റോബിന്‍ ഡിക്രൂസ്‌

ശശി തരൂരിന്മീന്‍മണം ഓക്കാനമുണ്ടാക്കുമത്രെ! അദ്ദേഹം തന്നെയാണത് പറയുന്നത്. ഈ ഫോട്ടോയും ഈ വാക്കുകളും ട്വീറ്റ് ചെയ്തത് അദ്ദേഹം തന്നെയാണ്. “Found a lot of enthusiasm at the fish market, even for a squeamishly vegetarian MP!

squeamish എന്നു പറഞ്ഞാല്‍ ഓക്കാനമുണ്ടാക്കുന്നത് എന്നാണര്‍ത്ഥം.

കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മീന്‍കഴിക്കുന്നവരാണ്. മീന്‍മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും. തരൂരിന്റെ നിയോജകമണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍ മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ല. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണ്.

മീന്‍നാറ്റം ഓക്കാനമുണ്ടാക്കും എന്ന പ്രസ്താവന വ്യക്തിപരമായ അഭിരുചിയേയോ ശീലത്തെയോ അല്ല സൂചിപ്പിക്കുന്നത്. മഹാഭാരതകാലത്തേ ഈ വാക്കുകള്‍ക്ക് ജാതിബന്ധമുണ്ട്. മുക്കുവത്തികളെ മത്സ്യഗന്ധി എന്നു വിളിച്ചാണ് കീഴെ നിറുത്തിയിരുന്നത്. വ്യാസന്റെ ജനനകഥ എല്ലാവര്‍ക്കും അറിയാമല്ലോ. പരാശര മുനി സത്യവതിയെ പ്രാപിച്ച് വേദവ്യാസന് ജനനം നല്കുമ്പോഴും ഓക്കാനമുണ്ടായിരുന്നു. മീന്‍ മണം പ്രശ്‌നമായിരുന്നു. പക്ഷേ, പ്രാപിക്കുന്നതിനും കുഞ്ഞിനെ ജനിപ്പിക്കുന്നതിനും അത് തടസ്സമായില്ല.

Also read:ബംഗാളില്‍ ഇടതുപക്ഷം മത്സരിക്കുന്ന സീറ്റിലും കരുത്ത് കോണ്‍ഗ്രസിനാണെങ്കില്‍ വോട്ട് കോണ്‍ഗ്രസിന്: നിലപാട് വ്യക്തമാക്കി സൂര്യകാന്ത് മിശ്ര

തിരുവനന്തപുരത്തെക്കുറിച്ച് വര്‍ണിക്കുന്ന ഏറ്റവും പഴയ പുസ്തകമായ അനന്തപുരവര്‍ണനത്തിലും ചന്തയിലിരിക്കുന്ന മുക്കുവത്തിയെക്കുറിച്ച് ശശി തരൂര്‍ കാണുന്ന അതേ മട്ടില്‍ തന്നെയാണ് കാണുന്നത്. തിരുവനന്തപുരത്തെ നഗരവാസികള്‍ ഈ മീന്‍നാറ്റക്കാരെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ് സജിത എഴുതിയ മത്സ്യഗന്ധി എന്ന നാടകം. ഇത് പുതിയൊരു കാര്യമല്ല എന്നു പറയാനാണിതൊക്കെ ഓര്‍ത്തെടുത്തത്.

മീന്‍മണം കൊണ്ട് തനിക്ക് ഓക്കാനം ഉണ്ടാകുമെന്ന് ശശി തരൂര്‍ പറഞ്ഞിട്ട് പോയാലെന്താ എന്നു കരുതുന്നവരുണ്ടാകും. പക്ഷേ, ഈ സവര്‍ണബോധമാണ് മുക്കുവത്തികളെ കീഴെയുള്ളവരായി കാണാന്‍ നഗരവാസികളെ പ്രേരിപ്പിക്കുന്നത്. അവര്‍ നാറുന്ന മോശക്കാരാണെന്ന് വിചാരിപ്പിക്കുന്നത്. മീന്‍ നാറ്റത്തിലുള്ള താഴ്ന്നവരെന്ന അവസ്ഥയാണ് അവരെ ആക്രമിക്കാം എന്ന ബോധം നഗരവാസികള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടാണ് കുറച്ചു വര്‍ഷം മുമ്പ് പ്രശാന്ത് നഗറില്‍ മീന്‍ വിറ്റിരുന്ന സ്ത്രീകളെ അവിടത്തെ ചില ഗുണ്ടകള്‍ ചേര്‍ന്ന് പിടിച്ചു വലിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തത്.

ശശി തരൂരിന്റെ മേല്‍ജാതിബോധത്തോടെയുള്ള, മുക്കുവരെ അപമാനിക്കുന്ന പ്രസ്താവന മുക്കുവര്‍ക്കെതിരായ സമൂഹബോധത്തിന് നീതീകരണമാവും എന്നതിനാലാണ് ശശി തരൂരിന്റെ പ്രസ്താവന അപകടകരമാവുന്നത്.

ശശി തരൂര്‍ ഈ പ്രസ്താവന പിന്‍വലിക്കണം എന്നഭ്യര്‍ത്ഥിക്കുന്നു.

റോബിന്‍ ഡിക്രൂസ്‌

We use cookies to give you the best possible experience. Learn more