| Sunday, 19th November 2023, 4:53 pm

റോബിന്‍ ബസ് നിരത്തിലോടുമ്പോള്‍ പ്രശ്‌നമാര്‍ക്ക്?

സബീല എല്‍ക്കെ

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കേരളത്തിലും തമിഴ്നാട്ടിലുമായി ഒരു ലക്ഷത്തോളം രൂപയാണ് റോബിന്‍ ബസിന് പിഴയും ടാക്സുമായി അടക്കേണ്ടി വന്നത്. നിയമവിധേയമായി സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിന് നേര്‍ക്ക് കെ.എസ്.ആര്‍.ടി.സിയും എം.വി.ഡിയും സര്‍ക്കാരും തിരിയുന്നുവെന്ന് കാട്ടി വിവിധയിടങ്ങളില്‍ നിന്ന് ബസിനും ബസുടമയ്ക്കും വലിയ പിന്തുണയും ലഭിക്കുന്നുണ്ട്.

അനുവദിച്ച പെര്‍മിറ്റില്‍ നിന്ന് വിപരീതമായി സര്‍വീസ് നടത്തിയതിനാലാണ് കേരളത്തിലെ എം.വി.ഡിയും നിലവില്‍ തമിഴ്നാട് എം.വി.ഡിയും ബസ് തടയുകയും പിഴ ചുമത്തുകയും ചെയ്തത്.

സാധാരണ ബസ് ഓപ്പറേഷന്‍സ് നടക്കുന്നത് രണ്ട് രീതിയിലാണ്. സ്റ്റേറ്റ് കാര്യേജും കോണ്‍ട്രാക്ട് കാര്യേജും. ഓരോ സ്റ്റോപ്പുകളില്‍ നിന്നും ആളുകളെയെടുത്ത് സര്‍വീസ് നടത്തുന്ന പ്രൈവറ്റ് ബസുകള്‍ സ്റ്റേറ്റ് കാര്യേജിലും ഒരു പോയിന്റില്‍ നിന്ന് നിശ്ചിത സ്ഥലത്തേക്ക് മാത്രം സര്‍വീസ് നടത്തുന്ന ബസുകള്‍ കോണ്‍ട്രാക്ട് ക്യാരേജിലും പെടുന്നു. നിലവില്‍ വിവാദമായ റോബിന്‍ ബസ് ഇതില്‍ കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റ് നേടിയ ബസാണ്.

റോബിന്‍ ബസ് നിലവില്‍ സര്‍വീസ് നടത്തുന്നത് ഓള്‍ ഇന്ത്യ പെര്‍മിറ്റിലെ ഒരു ലൂപ്ഹോള്‍ വെച്ചുകൊണ്ടാണ്. ഇത് പൊതുഗതാഗതത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇവിടെയുള്ള സ്റ്റേറ്റ് കാരിയേജസ് റണ്‍ ചെയ്യിക്കുന്ന സ്വകാര്യ മേഖലയിലുള്ള മുഴുവന്‍ ആളുകളെയും ബാധിക്കും.

ഫിറ്റ്നെസിന്റെയും ഇന്‍ഷുറന്‍സിന്റെയും രജിസ്ട്രേഷന്റെയും പെര്‍മിറ്റിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടെങ്കില്‍ ഇവിടെ ഏത് ടൂറിസ്റ്റ് ബസ് ഓപ്പറേറ്റര്‍ക്കും ഇഷ്ടമുള്ളത് പോലെ സര്‍വീസ് നടത്താം. കേരളത്തില്‍ നിലവില്‍ പതിനായിരത്തില്‍പരം സ്വകാര്യ ബസുകള്‍ നാഷണല്‍ പെര്‍മിറ്റ് കിട്ടാന്‍ പാകത്തിലുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരെ തന്നെയാണ്.

ടൂറിസ്റ്റ് ബസുകള്‍ ലോക്കല്‍ സര്‍വീസിനായി നിരത്തിലിറങ്ങിക്കഴിഞ്ഞാല്‍ സമയവും യാത്രാക്ലേശവും കണക്കിലെടുത്ത് ആളുകള്‍ കിട്ടുന്ന ബസുകളില്‍ ഓടിക്കയറും. ഇത് സ്വകാര്യ ബസുകളുടെ വരുമാനം കുറക്കുകയും അവരുടെ സര്‍വീസിനെ ബാധിക്കുകയും ചെയ്യും.

അതുപോലെ, കെ.എസ്.ആര്‍.ടിസിയുടെ ബഹുദൂര യാത്രകളില്‍ സ്വകാര്യ ബസുകളെ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യം ഉണ്ടാകുമെന്ന് പറയുന്നവരും കുറവല്ല. സ്വകാര്യ ബസുകളുടെ സേവനം നാട്ടില്‍ നടത്തുന്നത് അവരുടെ ലാഭം മുന്‍നിര്‍ത്തിയാണ്.

എന്നാല്‍ വലിയ ലാഭമില്ലാതെ യാത്രാക്ലേശം ഒഴിവാക്കാന്‍ വിവിധ പ്രദേശങ്ങളിലൂടെ ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരവധിയാണ്. അതുകൊണ്ട് പോതുഗതാഗതത്തിന്റെ സേവനം വളരെ പ്രധാനപ്പെട്ടതാണ്. ഒരു പാര്‍ട്ടി ഭരണം മാറുമ്പോള്‍ അവസാനിക്കേണ്ടതല്ല പൊതുമേഖല.

Content Highlights: Robin bus and MVD

സബീല എല്‍ക്കെ

We use cookies to give you the best possible experience. Learn more