ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിൽ മെസിക്കൊന്നുമല്ല ഞാൻ വോട്ട് ചെയ്തത്; റൊണാൾഡോയുടെ മുൻ കോച്ച്
Football
ഫിഫ ബെസ്റ്റ് പ്ലെയർ അവാർഡിൽ മെസിക്കൊന്നുമല്ല ഞാൻ വോട്ട് ചെയ്തത്; റൊണാൾഡോയുടെ മുൻ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 30th January 2024, 1:14 pm

2023 ഫിഫ ബെസ്റ്റ് മെന്‍സ് പ്ലെയര്‍ പുരസ്‌കാരം അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ഈ അവാര്‍ഡില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തി മുന്നോട്ടു വന്നിരിക്കുകയാണ് പോര്‍ച്ചുഗീസ് മുന്‍ കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനെസ്.

ഫിഫ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡ് വോട്ടിങ്ങില്‍ തീരുമാനമെടുക്കുന്നതില്‍ തനിക്ക് പിഴവ് പറ്റിയെന്നാണ് പോര്‍ച്ചുഗീസ് മുന്‍ പരിശീലകന്‍ പറഞ്ഞത്. എ ബോലയിലൂടെ പ്രതികരിക്കുകയായിരുന്നു റോബര്‍ട്ടോ മാര്‍ട്ടിനസ്.

‘ക്രൊയേഷ്യന്‍ താരം ബ്രോസോവിച്ചിനും പോര്‍ച്ചുഗീസ് താരം ബെര്‍ണാഡോ സില്‍വക്കുമാണ് ഞാന്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ വോട്ട് ചെയ്തത്. കാരണം ബെര്‍ണാഡോ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ട്രെബിൾ കിരീടം നേടിയ താരമാണ്. ബ്രോസോവിച്ച് ഇന്റർ മിലാനായും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇതിനുശേഷം ഇതൊരു തെറ്റാണെന്ന് എനിക്ക് തോന്നി. ഞാന്‍ മാത്രമല്ല ഇത്തരം തെറ്റുകള്‍ ചെയ്തതെന്ന് ഉറപ്പുണ്ട്. കാരണം കഴിഞ്ഞ ലോകകപ്പില്‍ സംഭവിച്ചതെന്താണെന്ന് നമുക്കറിയാം,’ റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.

ക്രൊയേഷ്യന്‍ താരം ബ്രോസോവിച്ച് കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്റര്‍ മിലാനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. 2022 ഖത്തര്‍ ലോകകപ്പിലും താരം മികച്ച പ്രകടനം പുറത്തെടുത്തു. ക്രൊയേഷ്യയ്ക്ക് മൂന്നാം സ്ഥാനം നേടിക്കൊടുക്കാന്‍ താരത്തിന് സാധിച്ചു.

അതേസമയം അര്‍ജന്റീനന്‍ നായകന്‍ ലയണല്‍ മെസി അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചിരുന്നു. ആ ടൂര്‍ണമെന്റില്‍ ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിക്കൊണ്ടു മികച്ച പ്രകടനമാണ് മെസി നടത്തിയത്. കഴിഞ്ഞ ലോകകപ്പിലെ ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കാനും അര്‍ജന്റീനന്‍ ഇതിഹാസത്തിന് സാധിച്ചിരുന്നു.

2023 ഫിഫ ബെസ്റ്റ് പ്ലയെര്‍ അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വിജിയന്‍ സൂപ്പര്‍താരം ഏര്‍ലിങ് ഹാലണ്ടിനേയും പാരീസ് സെയ്ന്റ് ജെര്‍മെന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയേയും മറികടന്നു കൊണ്ടാണ് ഇന്റര്‍മയാമി നായകന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

Content Highlight: Roberto Martinez reveals the votes of fifa best player 2023 award.