പോര്ച്ചുഗല് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്ഡോയെ പ്രശംസിച്ച് പരിശീലകന് റോബേര്ട്ടോ മാര്ട്ടിനെസ്. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലെവലിലാണ് റൊണാള്ഡോ ഇപ്പോഴുള്ളതെന്നും അദ്ദേഹം ഒരാസാധ്യ കളിക്കാരനാണെന്നും മാര്ട്ടിനെസ് പറഞ്ഞു. ടോക്‌സ്‌പോര്ട്ടിനോട് സംസാരിക്കുമ്പോഴാണ് മാര്ട്ടിനെസ് റൊണാള്ഡോയെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള് പങ്കുവെച്ചത്.
‘ദേശീയ ടീമിനൊപ്പം ഒരു കളിക്കാരന് കുറഞ്ഞത് 50 മത്സരങ്ങള് കളിക്കാന് സാധിച്ചിട്ടുണ്ടെങ്കില് അയാള്ക്ക് മികച്ച കരിയര് ഉണ്ടായിട്ടുണ്ടെന്നാണ് അതര്ത്ഥമാക്കുന്നത്. എന്നാല് 100 മത്സരങ്ങളില് കളിക്കാന് സാധിച്ചിട്ടുണ്ടെങ്കില് തീര്ച്ചയായും അയാളൊരു അസാധ്യ കളിക്കാരനാണ്.
ക്രിസ്റ്റ്യാനോയുടെ കാര്യം സംസാരിക്കുകയാണെങ്കില് അതൊരു സവിശേഷമായ കാര്യമാണ്. അദ്ദേഹത്തിന് ദേശീയ ക്ലബ്ബിനായി 200 മത്സരങ്ങള് കളിക്കാന് സാധിച്ചു. കാര്യങ്ങള് പ്രൊഫഷണലായി കൈകാര്യം ചെയ്തും പ്രൊഫഷണലായി ജീവിച്ചും മികച്ച വ്യക്തിയായി കഴിയുന്ന റോണോയെയാണ് ഇപ്പോള് നമ്മള് കാണുന്നത്. ഞാന് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത ലെവലിലാണ് ഇപ്പോള് റോണോയുള്ളത്,’ മാര്ട്ടിനെസ് പറഞ്ഞു.