ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫെർണാണ്ടോ സാന്റോസിന് പകരം മുൻ ബെൽജിയൻ കോച്ച് റോബർട്ടോ മാർട്ടിനസിനെ പോർച്ചുഗൽ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുകയാണ്. ഖത്തറിൽ ബെൽജിയത്തിന്റെ ആദ്യറൗണ്ട് പുറത്താകലിന് പിന്നാലെ പരിശീലകസ്ഥാനമൊഴിഞ്ഞ മാർട്ടിനസ് ഉടൻ പുതിയ ചുമതല ഏറ്റെടുക്കുകയായിരുന്നു.
പോർച്ചുഗലിന്റെ പരിശീലകനായി എത്തുമ്പോൾ മാർട്ടിനസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്.
ഖത്തർ ലോകകപ്പിൽ പോർച്ചുഗലിന്റെ അവസാന മത്സരങ്ങളിൽ റൊണാൾഡോയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ടീമിലേക്ക് പുതിയ പരിശീലകൻ എത്തിയതോടെ ആരാധകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് പോർച്ചുഗലിൽ ഇനി റൊണാൾഡോ തുടരുമോ എന്നതാണ്.
അതിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് കോച്ച് റോബർട്ടോ മാർട്ടിനെസ്. തന്റെ ടീമിൽ തീർച്ചയായും റൊണാൾഡോ ഉണ്ടാകുമെന്നും ഓഫീസിലിരുന്ന് തീരുമാനങ്ങളെടുക്കുന്ന പരിശീലകനല്ല താനെന്നുമാണ് മാർട്ടിനെസ് പ്രതികരിച്ചത്.
നിലവിലുള്ള എല്ലാ താരങ്ങളുമായി ബന്ധപ്പെടുകയെന്നതാണ് തന്റെ ആദ്യ ദൗത്യമെന്നും ദേശീയ ടീമിനൊപ്പം ഏതാണ്ട് രണ്ട് പതിറ്റാണ്ടുകാലം കളിച്ച റൊണാൾഡോയോട് എന്തായാലും സംസാരിക്കുമെന്നും മാർട്ടിനെസ് പറഞ്ഞു.
‘ലോകത്തെ മികച്ച താരങ്ങളുള്ള ടീമുകളിലൊന്നിനെ പരിശീലിപ്പിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. അതിൻറെ വലിയ ആകാംക്ഷയുണ്ട്. പോർച്ചുഗലിലേക്കുള്ള എൻറെ വരവിൽ വലിയ പ്രതീക്ഷകളും ദൗത്യങ്ങളുമുണ്ട്. മികച്ച ടീമിനും ഫെഡറേഷനുമൊപ്പം ആ ലക്ഷ്യങ്ങളെല്ലാം നേടാനാകുമെന്നാണ് പ്രതീക്ഷ,’ മാർട്ടിനസ് വ്യക്തമാക്കി.
പോർച്ചുഗൽ ഭാഷ വശമില്ലാത്ത താൻ എത്രയും വേഗം പോർച്ചുഗീസ് പഠിക്കുമെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു. മൊറോക്കോക്ക് എതിരായ ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെയാണ് സാൻറോസിൻറെ കസേര തെറിച്ചത്.
2026വരെയാണ് മാർട്ടിനസിന്റെ കരാർ. പോർച്ചുഗൽ ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് റോബർട്ടോ മാർട്ടിനസ്. ആറ് വർഷം ബെൽജിയം ടീമിനെ പരിശീലിപ്പിച്ച മാർട്ടിനസ് ഖത്തർ ലോകകപ്പിൽ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ പടിയിറങ്ങുകയായിരുന്നു.
2007 മുതൽ പരിശീലക രംഗത്തുള്ള മാർട്ടിനസ് 2016ലാണ് ബെൽജിയം ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഇക്കാലയളവിൽ മാർട്ടിനസിന് കീഴിൽ ബെൽജിയം ലോക റാങ്കിങ്ങിൽ ദീർഘകാലം ഒന്നാം സ്ഥാനത്ത് തുടർന്നു.