യൂറോ കപ്പിന് മുമ്പുള്ള അവസാന കളിയിൽ പോർച്ചുഗലിനായി റൊണാൾഡോ ഇറങ്ങുമോ? പ്രതികരണവുമായി കോച്ച്
Football
യൂറോ കപ്പിന് മുമ്പുള്ള അവസാന കളിയിൽ പോർച്ചുഗലിനായി റൊണാൾഡോ ഇറങ്ങുമോ? പ്രതികരണവുമായി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th June 2024, 8:11 am

2024 യൂറോ കപ്പിന് മുന്നോടിയായി നടക്കുന്ന അവസാന സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ നാളെ അയര്‍ലാന്‍ഡിനെയാണ് നേരിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ഈ മത്സരത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ആയിരിക്കും ലക്ഷ്യമിടുക.

അയര്‍ലാന്‍ഡിനെതിരെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിനായി കളിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രൊയേഷിക്കെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോ കളത്തില്‍ ഇറങ്ങിയിരുന്നില്ല.

ഇപ്പോഴിതാ ഐറിഷ് പടയ്‌ക്കെതിരെയുള്ള മത്സരത്തിനു മുന്നോടിയായി റൊണാള്‍ഡോ കളിക്കുമോ എന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. ടൈംസ് ലൈന്‍ സി.ആര്‍.സേവനിലൂടെ പ്രതികരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് മാനേജര്‍.

‘റൊണാള്‍ഡോ നാളെ കളിക്കും. എത്ര മിനിട്ടുകള്‍ വേണമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. റൊണാള്‍ഡോയും റൂബനും പെപ്പെക്കും എല്ലാം കൃത്യമായ പരിശീലനം ആവശ്യമാണ്. അവര്‍ എന്തായാലും മത്സരത്തില്‍ ഇറങ്ങും പക്ഷേ എത്ര മിനിട്ടുകള്‍ കളിക്കുമെന്ന് അറിയില്ല,’ റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.

അതേസമയം തന്റെ ഫുട്‌ബോള്‍ കരിയറിലെ ആറാമത്തെ യൂറോപ്പ്യന്‍ കപ്പിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. ഈ യൂറോകപ്പില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടം കൂടിയാണ്.

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാവും റൊണാള്‍ഡോ സ്വന്തമാക്കുക. 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങള്‍ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്.

യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തില്‍ മിന്നും പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. പത്തില്‍ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി ആയിരുന്നു പോര്‍ച്ചുഗല്‍ യൂറോകപ്പിന് യോഗ്യത നേടിയത്.

യോഗ്യത മത്സരങ്ങളില്‍ പത്തു ഗോളുകള്‍ ആയിരുന്നു റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി ഈ സീസണില്‍ മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തുന്നത്. ഈ സീസണില്‍ 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്.

യൂറോ കപ്പില്‍ ഗ്രൂപ്പ് എഫിലാണ് പോര്‍ച്ചുഗല്‍ ഇടം പിടിച്ചിട്ടുള്ളത്. പോര്‍ച്ചുഗലിനൊപ്പം ഗ്രൂപ്പില്‍ തുര്‍ക്കി, ചെക്ക് റിപ്പബ്ലിക്, ജോര്‍ജിയ എന്നീ ടീമുകളാണ് ഉള്ളത്. ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.

 

Content Highlight: Roberto Martines talks about Cristaino Ronaldo