റൊണാള്‍ഡോ ഇപ്പോഴും 18 വയസ്സുള്ള ഫുട്‌ബോള്‍ താരത്തെ പോലെയാണ്; പ്രശംസയുമായി പോര്‍ച്ചുഗീസ് മുൻ കോച്ച്
പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പോര്‍ച്ചുഗീസ് മുൻ പരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടീനസ്.
റൊണാള്‍ഡോക്ക് 38 വയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും 18 വയസ്സുകാരന്റെ ആവേശമാണ് ഉള്ളതെന്നുമാണ് മാര്‍ട്ടിനസ് പറഞ്ഞത്.
‘റൊണാള്‍ഡോയില്‍ എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത് അവന്റെ മികച്ച പ്രകടനമാണ്. ഇത്രയധികം അനുഭവസമ്പത്തുള്ള മറ്റൊരു താരമില്ല. എല്ലാം പരിശീലന സെക്ഷനുകളും മികച്ചതാക്കാന്‍ അദ്ദേഹം വളരെയധികം ആഗ്രഹിക്കുന്നു. 18 വയസ്സുള്ള യുവതാരങ്ങള്‍ ഡ്രസ്സ് റൂമില്‍ വന്ന് റൊണാള്‍ഡോയെ കാണുമ്പോള്‍ അവര്‍ക്ക് അവന്‍ ഒരു പ്രചോദനമാകുന്നു. റൊണാള്‍ഡോ ഇപ്പോഴും 18 വയസുള്ള ഫുട്‌ബോള്‍ താരം പോലെയാണ്,’ മാര്‍ട്ടിനസ് മാര്‍ക്കയോട് നല്‍കിയ ആഭിമുഖത്തില്‍ പറഞ്ഞു.
റൊണാള്‍ഡോയുടെ വിജയത്തിന് പിന്നിലുള്ള രഹസ്യം എന്താണെന്നും റോബര്‍ട്ടോ പങ്കുവെച്ചു.
‘റൊണാള്‍ഡോ ജന്മനാ വിജയിച്ചവനാണ്. അവന്‍ എപ്പോഴും എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ഒരു ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന നിലയില്‍ കളിക്കളത്തില്‍ എന്തെല്ലാം ചെയ്യണം എന്നതിനെക്കുറിച്ചും കൃത്യമായി അവന് അറിയാം. അതുകൊണ്ടാണ് അവന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും മികച്ചക്രമണകാരിയായി മാറിയത് എന്ന് ഞാന്‍ കരുതുന്നു,’ മാര്‍ട്ടിനസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ റൊണാള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിനൊപ്പം മിന്നും ഫോമിലാണ് കളിക്കുന്നത്. റയല്‍ മാഡ്രിഡിലും, യുവന്റസിലും, മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും അവിസ്മരണീയമായ കരിയര്‍ കെട്ടിപ്പടുത്തുയര്‍ത്തിയ റൊണാള്‍ഡോ സൗദിയിലും തന്റെ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് കാഴ്ചവയ്ക്കുന്നത്.
ഇതിനോടകം തന്നെ ഈ സീസണില്‍ 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടി മികച്ച പ്രകടനമാണ് റോണോ കാഴ്ചവെക്കുന്നത്.
Content Highlight: Roberto martínez praises Cristaino Ronaldo.