| Monday, 9th January 2023, 11:52 pm

'ഓഫീസിലല്ല മൈതാനത്ത് തീരുമാനമെടുക്കുന്നതാണ് എന്റെ രീതി'; പോർച്ചുഗലിൽ പുതിയ തന്ത്രങ്ങൾ പയറ്റാൻ ആശാനെത്തി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിലിരുത്തി ആരാധകരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ ഫെർണാണ്ടോ സാന്റോസിന് പകരം മുൻ ബെൽജിയൻ കോച്ച് റോബർട്ടോ മാർട്ടിനസിനെ പോർച്ചുഗൽ തങ്ങളുടെ മുഖ്യ പരിശീലകനായി നിയമിച്ചു. ഖത്തറിൽ ബെൽജിയത്തിന്റെ ആദ്യറൗണ്ട് പുറത്താകലിന് പിന്നാലെ മുഖ്യ പരിശീലകസ്ഥാനമൊഴിഞ്ഞ മാർട്ടിനസ് ഉടൻ പുതിയ ചുമതല ഏറ്റെടുക്കുകയായിരുന്നു.

2026വരെയാണ് അദ്ദേഹത്തിന്റെ കരാർ. പോർച്ചുഗൽ ടീമിനെ പരിശീലിപ്പിക്കുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് റോബർട്ടോ മാർട്ടിനസ്.

‘ലോകത്തെ മികച്ച താരങ്ങളുള്ള ടീമുകളിലൊന്നിനെ പരിശീലിപ്പിക്കാൻ അവസരം ലഭിക്കുന്നതിൽ സന്തോഷമുണ്ട്. അതിൻറെ വലിയ ആകാംക്ഷയുണ്ട്. പോർച്ചുഗലിലേക്കുള്ള എൻറെ വരവിൽ വലിയ പ്രതീക്ഷകളും ദൗത്യങ്ങളുമുണ്ട്. മികച്ച ടീമിനും ഫെഡറേഷനുമൊപ്പം ആ ലക്ഷ്യങ്ങളെല്ലാം നേടാനാകുമെന്നാണ് പ്രതീക്ഷ,’ മാർട്ടിനസ് വ്യക്തമാക്കി

പോർച്ചുഗൽ ഭാഷ വശമില്ലാത്ത താൻ എത്രയും വേഗം പോർച്ചുഗീസ് പഠിക്കുമെന്നും മാർട്ടിനസ് കൂട്ടിച്ചേർത്തു. മൊറോക്കോ‌ക്ക് എതിരായ ക്വാർട്ടർ ഫൈനൽ തോൽവിക്ക് പിന്നാലെയാണ് സാൻറോസിൻറെ കസേര തെറിച്ചത്.

അതേസമയം ആറ് വർഷം ബെൽജിയം ടീമിനെ പരിശീലിപ്പിച്ച മാർട്ടിനസ് ഖത്തർ ലോകകപ്പിൽ നിന്ന് ടീം ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് പിന്നാലെ പടിയിറങ്ങുകയായിരുന്നു.

2007 മുതൽ പരിശീലക രംഗത്തുള്ള മാർട്ടിനസ് 2016ലാണ് ബെൽജിയം ദേശീയ ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ഇക്കാലയളവിൽ മാർട്ടിനസിന് കീഴിൽ ബെൽജിയം ലോക റാങ്കിങ്ങിൽ ദീർഘകാലം ഒന്നാം സ്ഥാനത്ത് തുടർന്നു.

റഷ്യൻ ലോകകപ്പിൽ ബെൽജിയം മൂന്നാം സ്ഥാനം നേടി. ഖത്തറിൽ പ്രകടനം മോശമായ ബെൽജിയം ആദ്യ റൗണ്ടിൽ തന്നെ പുറത്ത്‌ പോയിരുന്നു. ഇതിന് പിന്നാലെ പരിശീലക സ്ഥാനം അദ്ദേഹം രാജിവെക്കുകയും ചെയ്തു. വിവിധ ടീമുകളിലായി പരിശീലക കരിയറിൽ 523 മത്സരങ്ങൾ പൂർത്തിയാക്കിയ മാർട്ടിനസ് 231 മത്സരങ്ങളിൽ ടീമിനെ ജയത്തിലേക്ക് നയിച്ചു.

Content Highlights: Roberto Martínez is the new Portugal coach

We use cookies to give you the best possible experience. Learn more