പാരിസ് ക്ലബ്ബായ പി.എസ്.ജിയിൽ മികവോടെ കളിച്ച് മുന്നേറുകയാണ് അർജന്റൈൻ സൂപ്പർ താരമായ ലയണൽ മെസി. ലോകകപ്പിന് ശേഷമുള്ള ഇടവേള കഴിഞ്ഞ് ആരംഭിച്ച ലീഗിൽ തുടർച്ചയായി മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചില്ലെങ്കിലും പല തവണ മെസിയുടെ മികവിൽ പി.എസ്.ജി വിജയക്കൊടി പാറിച്ചു.
എന്നാൽ ഈ വരുന്ന ജൂണിൽ ഫ്രഞ്ച് ക്ലബ്ബുമായുള്ള കരാർ അവസാനിക്കുന്ന മെസി പി.എസ്.ജി വിട്ടേക്കുമെന്ന തരത്തിൽ നിരവധി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മെസി പാരിസ് ക്ലബ്ബ് വിട്ടാൽ ചേരാൻ സാധ്യതയുള്ള രണ്ട് ക്ലബ്ബുകളുടെ പേര് സൂചിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇറ്റാലിയൻ മിഡ്‌ഫീൽഡർ ആയിരുന്ന റോബർട്ടോ ഡോണാഡോനി.
നപ്പോളി, അത്ലറ്റിക്കോ മാഡ്രിഡ് മുതലായ രണ്ട് ക്ലബ്ബുകളിൽ ഒന്നിലായിരിക്കും പി.എസ്.ജി വിട്ടാൽ മെസി ചേക്കേറുകയെന്നാണ് ഡോണാഡോനി പറഞ്ഞത്.
2021ൽ ബാഴ്സയിലെ സാമ്പത്തിക പ്രതിസന്ധികളും ക്ലബ്ബിനുള്ളിലെ പ്രശ്നങ്ങളും മൂലം രണ്ട് വർഷത്തെ കരാറിലാണ് മെസി പാരിസ് ക്ലബ്ബിലേക്ക് ചേക്കേറിയത്.
എന്നാൽ ജൂണിൽ അവസാനിക്കുന്ന മെസിയുടെ കരാർ ദീർഘിപ്പിക്കാൻ പാരിസ് ക്ലബ്ബിന് അതിയായ ആഗ്രഹമുണ്ടെന്നും ഇത് സംബന്ധിച്ച സ്ഥിരീകരിക്കപ്പെട്ട വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെന്നുമാണ് റിപ്പോർട്ടുകൾ.
“എനിക്ക് തോന്നുന്നത് മറഡോണ കളിച്ച അതേ ടീമിൽ മെസിയും കളിക്കുമെന്നാണ്. നപ്പോളി മെസിക്ക് പറ്റിയ ഇടമാണ്,’ സൂപ്പർ ഡിപോർട്ടീവോ റേഡിയോയിൽ സംസാരിക്കവെ ഡോണാഡോനി പറഞ്ഞു.
“നപ്പോളി മികച്ച ഫുട്ബോളാണ് കളിക്കുന്നത്. പന്ത് കൈവശം വെച്ച് അധികം വേഗതയില്ലാതെ മികച്ച ടെക്നിക്ക് ഉപയോഗിച്ച് അവർ മുന്നേറുന്നു,’ ഡോണാഡോനി കൂട്ടിച്ചേർത്തു.
“അത്ലറ്റിക്കും മെസിക്ക് പറ്റിയ ഇടമാണ്. നമ്പർ 10 ജേഴ്സിയും മാഡ്രിഡ് നഗരത്തിന്റെ മധ്യത്തിൽ അപ്പാർട്മെന്റും നൽകി മെസിയെ ക്ലബ്ബിന് സൈൻ ചെയ്യാം,’ ഡോണാഡോനി പറഞ്ഞു.
അതേസമയം ലീഗ് വണ്ണിൽ 27 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പി. എസ്.ജി