| Wednesday, 2nd October 2024, 1:37 pm

ലോകത്തെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിന് അടുത്തെത്തിയെന്ന് അവനറിയാം; പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്ത് റോബെര്‍ട്ടോ കാര്‍ലോസ്

സ്പോര്‍ട്സ് ഡെസ്‌ക്

2024ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ബ്രസീല്‍ ഇന്റര്‍നാഷണലും റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവുമായ വിനീഷ്യസ് ജൂനിയര്‍ സ്വന്തമാക്കുമെന്ന് ബ്രസീല്‍ ലെജന്‍ഡ് റൊബെര്‍ട്ടോ കാര്‍ലോസ്. സെപ്റ്റംബര്‍ 30ന് നടന്ന മാഡ്രിഡ് ഡെര്‍ബിക്ക് പിന്നാലെയാണ് കാര്‍ലോസ് ഇക്കാര്യം പറഞ്ഞത്.

വിനീഷ്യസ് ശാന്തനായ വ്യക്തിയാണെന്നും താന്‍ ബാലണ്‍ ഡി ഓറിന് തൊട്ടടുത്തെത്തി എന്ന കാര്യം അവന് അറിയാമെന്നും കാര്‍ലോസ് പറഞ്ഞു.

‘വിനി വളരെയധികം ശാന്തനായ വ്യക്തിയാണ്. ഈ ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന നേട്ടത്തിന് തൊട്ടടുത്തെത്തി എന്ന് അവന് വ്യക്തമായി അറിയാം. കഴിഞ്ഞ സീസണിലും ഈ വര്‍ഷവും വളരെ മികച്ച പ്രകടനമാണ് അവന്‍ പുറത്തെടുക്കുന്നത്. ഞങ്ങളവനെ കൂടുതല്‍ സ്വസ്ഥനായി വിടാനാണ് ആഗ്രഹിക്കുന്നത്. ബാലണ്‍ ഡി ഓര്‍ ഇതാ തൊട്ടടുത്തെത്തി. അവന്‍ തന്നെ പുരസ്‌കാരം നേടുമെന്ന് എനിക്കുറപ്പാണ്,’ റയല്‍ ഇതിഹാസ താരം വ്യക്തമാക്കി.

കാര്‍ലോസിന് പുറമെ മുന്‍ ബ്രസീല്‍ – റയല്‍ മാഡ്രിഡ് സൂപ്പര്‍ താരമായ മാഴ്‌സലോയും സൂപ്പര്‍ താരം നെയ്മറും വിനീഷ്യസ് തന്നെ പുരസ്‌കാരം നേടുമെന്നാണ് ഉറച്ചുവിശ്വസിക്കുന്നത്.

‘തീര്‍ച്ചയായും, ഈ വര്‍ഷം ബാലണ്‍ ഡി ഓര്‍ നേടുന്നതിന് ഞാന്‍ വിനീഷ്യസിനെ പിന്തുണക്കും. എന്നെ സംബന്ധിച്ചിടത്തോളം ബാലണ്‍ ഡി ഓര്‍ വിജയിക്കാന്‍ ഇതിലും മികച്ച മറ്റൊരാളില്ല. അവന്‍ അത് അര്‍ഹിക്കുന്നുണ്ട്. കാരണം വിനീഷ്യസ് ഒരു പോരാളിയാണ്. ജീവിതത്തിലുടനീളം അവന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അവന്‍ എല്ലാ വിമര്‍ശനങ്ങളെയും മറികടന്നുകൊണ്ടാണ് മുന്നേറിയത്,’ ബ്രസീലിയന്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ ബാന്‍ഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ നെയ്മര്‍ പറഞ്ഞു.

‘ബാലണ്‍ ഡി ഓര്‍? അവര്‍ ഉറപ്പായും അത് വിനീഷ്യസ് ജൂനിയറിന് തന്നെ നല്‍കും. കാര്‍വഹാല്‍, ബെല്ലിങ്ഹാം, ക്രൂസ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്,’ എന്നാണ് മാഴ്‌സലോയെ ഉദ്ധരിച്ച് മാഡ്രിഡ് എക്‌സ്ട്രാ റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ സീസണില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു റയലിനായി വിനീഷ്യസ് നടത്തിയത്. ലോസ് ബ്ലാങ്കോസിന്റെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിലും ലാ ലിഗ വിജയത്തിലും യുവേഫ സൂപ്പര്‍ കപ്പ് വിജയത്തിലും നിര്‍ണായകമായ പങ്കായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍താരം വഹിച്ചത്. റയലിനും ബ്രസീലിനുമായി കഴിഞ്ഞ സീസണില്‍ 49 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ വിനീഷ്യസ് 26 ഗോളുകളും 11 അസിസ്റ്റുകളുമാണ് നേടിയത്.

2007 കക്കക്ക് ശേഷം ബാലണ്‍ ഡി ഓര്‍ ഒരിക്കല്‍ പോലും ബ്രസീലിന്റെ മണ്ണിലെത്തിയില്ല. എന്നാല്‍ മികച്ച ഫുട്ബോളര്‍ക്ക് സമ്മാനിക്കുന്ന സുവര്‍ണഗോളം സ്വന്തമാക്കാന്‍ കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ വേദിയിലെ സോക്രട്ടീസ് പുരസ്‌കാര ജേതാവിന് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Roberto Carlos says Vinicius Jr will win Ballon d Or

We use cookies to give you the best possible experience. Learn more