മെസിയുടെ പ്രസംഗം കേട്ട് എനിക്ക് ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ തോന്നി: അര്‍ജന്റൈന്‍ ഇതിഹാസം
Football
മെസിയുടെ പ്രസംഗം കേട്ട് എനിക്ക് ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കാന്‍ തോന്നി: അര്‍ജന്റൈന്‍ ഇതിഹാസം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 3:24 pm

2021ല്‍ നടന്ന കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമായിരുന്നു മെസിക്ക് കീഴില്‍ അര്‍ജന്റീന കാഴ്ചവെച്ചത്.
കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ചാമ്പ്യന്‍മാരും അര്‍ജന്റീനയായിരുന്നു. ഫൈനലില്‍ ബ്രസീലിനെ ഒരു ഗോളിനായിരുന്നു അര്‍ജന്റീന തകര്‍ത്തത്.

ബ്രസീലിന്റെ തട്ടകമായ മാരക്കാനയിലായിരുന്നു അര്‍ജന്റീന കപ്പുയര്‍ത്തിയത്. ടീമിന്റെ മുഴുവന്‍ മോട്ടിവേഷനും മെസിയായിരുന്നു. മെസിക്കുവേണ്ടി രണ്ടും കല്‍പ്പിച്ച് കച്ചകെട്ടിയിറങ്ങിയ ടീമായിരുന്നു കോപ്പ അമേരിക്കയിലേത്. മെസിക്ക് വേണ്ടി അവര്‍ കപ്പുയര്‍ത്തുകയും ചെയ്തു.

ഫൈനലിന് മുന്നേയുള്ള മെസിയുടെ പ്രസംഗത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇതിഹാസ താരമായ റോബര്‍ട്ടൊ അയള. ക്യാപ്റ്റന്‍ എന്ന നിലയില്‍ മെസി വളരെ ഉത്തരവാദിത്തമുള്ളയാളാണ്. മെസിയുടെ ആ പ്രസംഗം കേട്ടിട്ട് തനിക്ക് വരെ കളത്തിലിറങ്ങാന്‍ തോന്നിയതായും അദ്ദേഹം പറഞ്ഞു.

‘ക്യാപ്റ്റന്റെ ആം ബാന്‍ഡിനോട് മെസിക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ട്. തന്റെ ടീമംഗങ്ങളോട് എപ്പോഴും ശരിയായ കാര്യങ്ങളാണ് മെസി പറയുന്നത്. ചില സമയങ്ങളില്‍ അദ്ദേഹം സീരിയസായി കാര്യങ്ങള്‍ സംസാരിക്കും. അത് അദ്ദേഹത്തിന്റെ ശരീര ഭാഷയില്‍ നിന്നും വ്യക്തമാകും. ഒരു പോസിറ്റീവ് ലീഡറുടെ എല്ലാ ഗുണങ്ങളും മെസിയില്‍ കാണാം. ബുദ്ധിമുട്ടേറിയ സമയങ്ങളിലെല്ലാം അദ്ദേഹം ടീമിന്റെ കൂടെ തന്നെ കാണും.

കോപ്പ അമേരിക്കയില്‍ ടീമിന്റെ ഭാഗമാകാന്‍ എനിക്ക് സാധിച്ചിരുന്നു. മാരക്കാനയിലെ മെസിയുടെ പ്രസംഗം കേട്ടിട്ട് രോമാഞ്ചമുണ്ടായി. അത് കേട്ടപ്പോള്‍ എനിക്ക് കളത്തിലിറങ്ങി കളിക്കാന്‍ തോന്നിയിരുന്നു,’ അയള പറഞ്ഞു.

കോപ്പ അമേരിക്കയില്‍ മികച്ച പ്രകടനമായിരുന്നു മെസി കാഴ്ചവെച്ചത്. ടൂര്‍ണമെന്റിലെ താരവും ഏറ്റവും ഗോള്‍ അടിച്ചതും മെസി തന്നെയായിരുന്നു. ഫൈനലില്‍ ടീമിനെ വിജയിപ്പിച്ച ഗോള്‍ നേടിയത് ഏഞ്ചല്‍ ഡി മരിയയാണ്. ഈ വര്‍ഷം നടക്കുന്ന ലോകകപ്പില്‍ മെസിയുടെ കീഴില്‍ മികച്ച പ്രകടനം നടത്താനാണ് അര്‍ജന്റൈന്‍ പട ഒരുങ്ങുന്നത്.

Content Highlights: Roberto Ayala says he felt goosebumps hearing Messi’s speech in Copa america finals