|

11 തവണയായി 70 മണിക്കൂറോളം ചോദ്യം ചെയ്തു; എന്‍ഫോഴ്‌സ്‌മെന്റിനോട് ഇനിയും സഹകരിക്കുമെന്ന് റോബര്‍ട്ട് വാദ്ര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അനധികൃത വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ തന്നെ ഇതുവരെ 70 മണിക്കൂറുകള്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വ്യവസായിയും പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബര്‍ട്ട് വാദ്ര.

കേസില്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വാദ്രയെ വീണ്ടും ചോദ്യം ചെയ്തിരുന്നു. ഡയറക്ടറേറ്റില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചതനുസരിച്ച് പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് വാദ്ര എത്തിയത്. ചോദ്യം ചെയ്യല്‍ തുടങ്ങും മുന്‍പ് പ്രിയങ്ക മടങ്ങി.

മുന്‍പും നിരവധി തവണ വാദ്രയെ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. ഇനിയങ്ങോട്ടും എല്ലാ അന്വേഷണങ്ങള്‍ക്കും സഹകരിക്കുമെന്നും വാദ്ര പറഞ്ഞു.

”ഇതുവരെ 11 തവണയായി ഏകദേശം 70 മണിക്കൂറോളം എന്നെ ചോദ്യം ചെയ്തിട്ടുണ്ട്. ഇനിയങ്ങോട്ടും എല്ലാവിധ അന്വേഷണവുമായും സഹകരിക്കും. എനിക്കെതിരായ വ്യാജ ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിയുംവരെ.”

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രത്തിന് മുന്നില്‍ നില്‍ക്കുന്ന ഒരു ചിത്രവും വാദ്ര കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ലണ്ടന്‍, ദുബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായി അനധികൃതമായി വസ്തു ഇടപാടുകള്‍ നടത്തിയ കേസിലാണ് വാദ്രയെ ചോദ്യം ചെയ്തത്.

ഭര്‍ത്താവിനൊപ്പമെന്ന നിലപാട് വ്യക്തമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് വരെ പ്രിയങ്കയും വാദ്രക്കൊപ്പമെത്തിയത്. തന്റെ സാന്നിധ്യം കൊണ്ട് വ്യക്തമായ സന്ദേശം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും പ്രിയങ്ക പറഞ്ഞു.